16 വയസ് വരെ കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിലക്കണം; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി

16 വയസ് വരെ കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിലക്കണം; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി

സിഡ്‌നി: യുവതലമുറയുടെ മാനസികാരോഗ്യം സംബന്ധിച്ച് സുപ്രധാനമായ നിലപാടുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി. 16 വയസ് വരെ കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തണമെന്നും സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ തുറക്കാനുള്ള പ്രായം 13ല്‍ നിന്ന് 16ലേക്ക് ആക്കണമെന്നും ആവശ്യപ്പെട്ടു

സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് തുറക്കാനുള്ള പ്രായം 13 ല്‍ നിന്ന് 16ലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും ആന്റണി ആല്‍ബനീസി പിന്തുണ അറിയിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രത്യാഘാതം ഗുരുതരമാണെന്ന നിരീക്ഷണത്തോടെയാണ് പ്രതികരണം. സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ഇടപെടുന്നത് മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ആന്റണി ആല്‍ബനീസി ചൂണ്ടിക്കാട്ടി വിശദമാക്കി.
ചൊവ്വാഴ്ച നോവ എഫ്എം എന്ന സ്വകാര്യ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി ആല്‍ബനീസിയുടെ നിര്‍ണായക പ്രതികരണമുണ്ടായത്.

ചെറിയ പ്രായത്തിനുള്ളില്‍ നിരവധി കൗമാരക്കാര്‍ തീവ്രവാദ ആശയങ്ങളിലേക്ക് ഓണ്‍ലൈനിലൂടെ ആകര്‍ഷിക്കപ്പെടുന്നതും സമൂഹത്തിന് ഭീഷണിയാകുന്നതും ഓസ്‌ട്രേലിയയക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രതികരണം.

സിഡ്‌നിയില്‍ ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും പെര്‍ത്തില്‍ നഗരമധ്യത്തില്‍ ഒരാളെ കുത്തിയ സംഭവത്തിലും പ്രതികള്‍ 16 വയസുകാരാണ്. ഈ സംഭവം ഓസ്‌ട്രേലിയയുടെ സുരക്ഷാ സംവിധാനങ്ങളെയാകെ പിടിച്ചുകുലുക്കിയിരുന്നു. രാജ്യത്തിന് മുതല്‍ക്കുട്ടാകേണ്ട ചെറുപ്പക്കാര്‍ തീവ്ര ആശയങ്ങള്‍ക്കു വഴിപ്പെടുന്നത് വളരെ ആശങ്കയോടെയാണ് ഫെഡറല്‍-സംസ്ഥാന സര്‍ക്കാരുകള്‍ കാണുന്നത്. അതില്‍ ഒരു കൗമാരക്കാരന്‍ തന്റെ സ്‌കൂളിലും ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

പെര്‍ത്തില്‍ വെടിയേറ്റു മരിച്ച 16-കാരന്‍ തീവ്ര ആശയങ്ങളില്‍ നിന്ന് പിന്തിരിയാനായി രണ്ട് വര്‍ഷത്തിലേറെയായി 'ഡീ-റാഡിക്കലൈസേഷന്‍' പ്രോഗ്രാമിനു വിധേയനായിരുന്നിട്ടും ഫലമുണ്ടായില്ല.

കൗമാരക്കാര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള സമ്മര്‍ദം അധികമാണെന്നും ആന്റണി ആല്‍ബനീസി പറഞ്ഞു. ഇഷ്ടമുള്ള കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്നതും പരസ്പരം ഇടപഴകുന്നതും മാനസികാരോഗ്യമുള്ള തലമുറയ്ക്ക് ആവശ്യമാണ്. ഇതിനായി സമൂഹമാധ്യമങ്ങളിലെ ഇടപെടലിന് നിയന്ത്രണം വേണമെന്നും ആന്റണി ആല്‍ബനീസി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായവരെ വരെ വളരെപെട്ടന്ന് തെറ്റിധരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കൗമാരക്കാരിലെ പ്രത്യാഘാതം ഇതിലും ഗുരുതരമായിരിക്കും. തന്റെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ താന്‍ ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ രാവിലെ വീട് വിട്ട് ഇറങ്ങാന്‍ തോന്നില്ലെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. അജ്ഞാതരായ ആളുകള്‍ വരെ ഭീകരമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്ലന്‍ഡ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രീമിയര്‍മാര്‍ പ്രധാനമന്ത്രിയുടെ അതേ അഭിപ്രായക്കാരാണ്. കുട്ടികള്‍ക്ക് അവരുടെ ബാല്യം നഷ്ടപ്പെടുന്നുവെന്നാണ് ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറിയിലെ സ്വതന്ത്ര സെനറ്റര്‍ ഡേവിഡ് പോക്കോക്ക് ഈ വിഷയത്തില്‍ പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.