ഇന്ത്യക്ക് പിന്നാലെ ബ്രിട്ടനും പൊതു തിരഞ്ഞെടുപ്പിലേക്ക്: ജനുവരി വരെ കാലാവധിയിരിക്കെ പൊടുന്നനെ ഇലക്ഷൻ പ്രഖ്യാപിച്ച് റിഷി സുനക്

ഇന്ത്യക്ക് പിന്നാലെ ബ്രിട്ടനും പൊതു തിരഞ്ഞെടുപ്പിലേക്ക്: ജനുവരി വരെ കാലാവധിയിരിക്കെ പൊടുന്നനെ ഇലക്ഷൻ പ്രഖ്യാപിച്ച് റിഷി സുനക്

ലണ്ടൻ: ഇന്ത്യക്ക് പിന്നാലെ ബ്രിട്ടനും പൊതു തിരഞ്ഞെടുപ്പിലേക്ക്. കാലാവധി തീരും മുമ്പ് ബ്രിട്ടണിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്. ജൂലൈ നാലിന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് അദേഹം അറിയിച്ചു. ചാൾസ് രാജാവിനെ തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി അറിയിച്ചതിന് ശേഷം പാർലമെന്റ് പിരിച്ചുവിടും. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നൽകാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഉറപ്പാണിതെന്നും ബ്രിട്ടന്റെ ഭാവി തിരഞ്ഞെടുക്കാനുള്ള സമയമാണിതെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് റിഷി സുനക് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷം രാജ്യം കടന്നുപോയത് രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശം സമയത്തിലൂടെയാണെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളും എണ്ണി എണ്ണി പറഞ്ഞാണ് സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക ഞെരുക്കത്തിലൂടെ രാജ്യമോ, ജനങ്ങളോ കടന്നു പോകില്ലെന്നും സുനക് ഉറപ്പുനൽകി.

സമീപ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും കൺസർവേറ്റീവ് പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി പൊതു തെരഞ്ഞെടുപ്പിൽ പാരജയപ്പെടുമെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയ്യാറാണെന്നും രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നും പ്രതിപക്ഷമായ ലേബർ പാർട്ടി വക്താവ് പറഞ്ഞു.

റിഷി സുനക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു. എട്ട് മാസം കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.