പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; 80.6 ലക്ഷം കിട്ടാത്തതിൽ മൈസൂരിലെ ആഡംബര ഹോട്ടൽ നിയമ നടപടിക്ക്

പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; 80.6 ലക്ഷം കിട്ടാത്തതിൽ മൈസൂരിലെ ആഡംബര ഹോട്ടൽ നിയമ നടപടിക്ക്

ബംഗളൂരു: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിന്റെ ബിൽ തുക ഒരു വർഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടൽ. 80.6 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതി.

പണം കിട്ടാനായി നിയമത്തിന്റെ വഴിക്ക് നീങ്ങാനാണ് റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അധികൃതരുടെ തീരുമാനം. എന്നാൽ താമസിച്ചത് പ്രധാനമന്ത്രിയാണെങ്കിലും ഇത്രയും തുക നൽകേണ്ടത് കർണാടക ആണെന്നാണ് കേന്ദ്രം പറയുന്നത്. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻ.ടി.സി.എ) വനം വകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രോജക്ട് ടൈ​ഗറിന്റെ 50 വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്. ദേശീയ പരിപാടിയായിരുന്നതിനാൽ പണം നൽകേണ്ടത് കേന്ദ്രമാണെന്ന നിലപാടിലാണ് കർണാടക സർക്കാർ.

ഹോട്ടൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി 12 മാസം കഴിഞ്ഞിട്ടും ബില്ലുകൾ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്ത് നൽകി.12 മാസമായി തുക അടയ്ക്കാത്ത സാഹചര്യത്തിൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപ കൂടെ ബില്ലിനൊപ്പം അടയ്ക്കേണ്ടതുണ്ട്. 2024 ജൂൺ ഒന്നിനകം വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഹോട്ടൽ അധികൃതരുടെ തീരുമാനം.

2023 ഏപ്രിൽ ഒമ്പത് മുതൽ 11 വരെ മൂന്ന് കോടി രൂപ ചെലവിൽ പരിപടികൾ നടത്താനായിരുന്നു വനം വകുപ്പിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ച നിർദേശം. പരിപാടിയുടെ ആകെ ചിലവ് 6.33 കോടി രൂപയായി ഉയർന്നതോടെ അധിക തുക നൽകാൻ കേന്ദ്രം തയ്യാറായില്ല. ഇതോടെ മൂന്ന് കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രം ബാക്കി വന്ന 3.33 കോടി രൂപ നൽകിയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

കുടിശിക ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഹോട്ടൽ ബില്ലുകൾ ഉൾപ്പെട്ട തുക സംസ്ഥാനം വഹിക്കണമെന്നായിരുന്നു മറുപടി. രണ്ടാമതും ഇതേ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.