'ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ പരിശീലനം നല്‍കും; നിസാര്‍ ഉപഗ്രഹം ഉടന്‍ വിക്ഷേപിക്കും'

'ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ പരിശീലനം നല്‍കും; നിസാര്‍ ഉപഗ്രഹം ഉടന്‍ വിക്ഷേപിക്കും'

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ പരിശീലനം നല്‍കും. ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധി എറിക് ഗാര്‍സെറ്റിയാണ് ഇക്കാര്യമറിയിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംയുക്ത ദൗത്യം അയക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പരിശീലനം നല്‍കുന്നത്. ബംഗളൂരുവില്‍ നടന്ന അമേരിക്ക-ഇന്ത്യ കൊമേഴ്‌സ്യല്‍ സ്‌പേസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു എറിക് ഗാര്‍സെറ്റി.

ഈ വര്‍ഷമോ അതിന് ശേഷമോ ആയിരിക്കും പരിശീലനമെന്നും എറിക് ഗാര്‍സെറ്റി അറിയിച്ചു. പരിസ്ഥിതി, ഭൂമിയുടെ ഉപരിതലം, പ്രകൃതി ദുരന്തങ്ങള്‍, സമുദ്രനിരപ്പ് ഉയരല്‍, ക്രയോസ്ഫിയര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി ഉടന്‍ തന്നെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നിന്ന് നിസാര്‍ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ഗാര്‍സെറ്റി പറഞ്ഞു.

നാസയുടെയും ഐഎസ്ആര്‍ഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാര്‍. ബഹിരാകാശത്ത് അമേരിക്ക-ഇന്ത്യ സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച യുഎസ് ഐബിസി പ്രസിഡന്റ് അതുല്‍ കേശപ്, യുഎസ്-ഇന്ത്യ ബഹിരാകാശ പങ്കാളിത്തത്തിലെ ഒരു പുതിയ അധ്യായമാണിതെന്നും അഭിപ്രായപ്പെട്ടു.

ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ ഗാര്‍സെറ്റി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ഇ. സോമനാഥ് എന്നിവരുള്‍പ്പെടെ അമേരിക്കയിലെയും ഇന്ത്യയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്‍ പ്രതിനിധികളും വാണിജ്യ ബഹിരാകാശ വ്യവസായത്തിലെ പ്രമുഖ നേതാക്കളും വ്യവസായ പങ്കാളികളും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും മാര്‍ക്കറ്റ് അനലിസ്റ്റുകളും പരിപാടിയില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.