മണിക്കൂറിൽ 130 കിലോമീറ്റർ വേഗം; റിമാൽ ശക്തി പ്രാപിച്ച് രാത്രിയോടെ കര തൊടും; വിമാനത്താവളം അടച്ചിടും; കൊൽക്കത്തയിലും ഒഡീഷയിലും ജാഗ്രത; റെഡ് അലർട്ട്

മണിക്കൂറിൽ 130 കിലോമീറ്റർ വേഗം; റിമാൽ ശക്തി പ്രാപിച്ച് രാത്രിയോടെ കര തൊടും; വിമാനത്താവളം അടച്ചിടും; കൊൽക്കത്തയിലും ഒഡീഷയിലും ജാഗ്രത; റെഡ് അലർട്ട്

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തിപ്രാപിച്ച് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ തീര ജില്ലകളിലായിരിക്കും ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യത കൂടുതലെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. മുൻകരുതൽ നടപടിയുടെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം താൽക്കാലികമായി അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, കൊൽക്കത്ത, ഹൗറ, ഈസ്റ്റ് മിഡ്‌നാപൂർ തുടങ്ങിയ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ തീര പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് എങ്ങനെ രൂപപ്പെട്ട് ശക്തിപ്രാപിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രതാ നിർദേശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.

”താഴ്ന്നതും ദുർബലവുമായ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളത്. ഈ പ്രദേളശങ്ങൾ തിരിച്ചറിഞ്ഞ് ഇവിടെയുള്ള ജനങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവരെ ക്യാമ്പുകളിലേക്ക് മാറ്റും. ചിലർ ഇന്നലെ തന്നെ ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ടെന്ന് നോർത്ത് 24 പർഗാനാസ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ഇന്ന് ഉച്ച മുതൽ 21 മണിക്കൂർ നേരത്തേക്കാണ് കൊൽക്കത്ത വിമാനത്താവളം അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്. ഈ സമയത്ത് 394 ആഭ്യന്തര, അന്തർദേശീയ സർവീസുകളും മുടങ്ങും. സീൽദ, ഹൗറ ഡിവിഷനുകളിലെ നിരവധി ലോക്കൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ടെന്നും ചരക്കുകൾ കടത്തുന്നതും കണ്ടെയ്‌നർ പ്രവർത്തനങ്ങളും 12 മണിക്കൂർ നേരത്തേക്ക് നിർത്തി വയ്‌ക്കുമെന്നും മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റിന്റെ ഫലമായി കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വൈദ്യുതി പോലുള്ള സേവനങ്ങൾ തടസപ്പെടാനും നിരവധി നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.