ഗുജറാത്തിലെ ഗെയിമിങ് സെന്ററിലെ തീപിടിത്തം; മരണം 32 ആയി; അന്വേഷിക്കാൻ പ്രത്യേക സംഘം

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലെ തീപിടിത്തം; മരണം 32 ആയി; അന്വേഷിക്കാൻ പ്രത്യേക സംഘം

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരണം 32 ആയി. ഇതിൽ 12 പേർ കുട്ടികളാണ്. തീപിടിത്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.

ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററിലാണ് അപകടം. ഇതിന്റെ ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു.

രക്ഷാപ്രവർത്തനം പൂർത്തിയായതുശേഷം മാത്രമേ മരണസംഖ്യ എത്രയെന്ന് പറയാനാകു എന്നും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്ക് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിനിടെ ദുരന്തത്തിന് കാരണമായത് വൻ സുരക്ഷാ വീഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം. ടിആർപി ഗെയിം സോൺ രണ്ടുവർഷമായി പ്രവർത്തിച്ചത് ഫയർ എൻഒസി ഇല്ലാതെയാണെന്ന് വ്യക്തമായി. രണ്ട് നിലയിലുള്ള ഗെയിം സോണിലേക്ക് ഒരു എൻട്രിയും, ഒരു എക്സിറ്റ് ഗേറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാർ റേസിങിന് ഉപയോഗിക്കാൻ കൂടിയ അളവിൽ ഇന്ധനം സൂക്ഷിച്ചത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.