ഓസ്ട്രേലിയയില്‍ സിറോ മലബാര്‍ സഭ ഊര്‍ജസ്വലമായ കുടിയേറ്റ സമൂഹമെന്ന് ദേശീയ സര്‍വേ; ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ദിവ്യബലി അര്‍പ്പിക്കുന്നതില്‍ വര്‍ധന

ഓസ്ട്രേലിയയില്‍ സിറോ മലബാര്‍ സഭ ഊര്‍ജസ്വലമായ കുടിയേറ്റ സമൂഹമെന്ന് ദേശീയ സര്‍വേ; ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ദിവ്യബലി അര്‍പ്പിക്കുന്നതില്‍ വര്‍ധന

സിഡ്‌നി: ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭയിലുണ്ടാകുന്ന മാറ്റങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങി. രാജ്യത്തുടനീളമുള്ള ഇടവകകളില്‍ സ്ഥിരമായി ആരാധനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന ആശങ്കയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ പാസ്റ്ററല്‍ റിസര്‍ച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്. കോവിഡ് കാലഘട്ടമായ 2021-ലെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

'ഓസ്ട്രേലിയന്‍ കാത്തലിക് മാസ് അറ്റന്‍ഡന്‍സ് റിപ്പോര്‍ട്ട് 2021' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍, കോവിഡ് മഹാമാരിയുടെ കാലത്തുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷവും ആരാധനയ്ക്കായി കൂടുതല്‍ വിശ്വാസികള്‍ ഓണ്‍ലൈനിനെ ആശ്രയിക്കുന്ന പ്രവണത തുടരുന്നതായി പറയുന്നു. അതേസമയം ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ദിവ്യബലി അര്‍പ്പിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തുടനീളം കുറഞ്ഞത് 42 ഭാഷകളില്‍ വിശുദ്ധ കുര്‍ബാന നടത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് ഒഴികെ ദിവ്യബലി അര്‍പ്പിക്കുന്ന ഏറ്റവും സാധാരണമായ നാല് ഭാഷകള്‍ വിയറ്റ്‌നാമീസ്, അറബിക്, കല്‍ദിയന്‍, ഇറ്റാലിയന്‍ എന്നിവയാണ്.

അതേസമയം, കുടിയേറ്റ സമൂഹത്തിലെ ഏറ്റവും പ്രബല വിഭാഗമായ സിറോ-മലബാര്‍ സഭയിലെ വിശ്വാസികളുടെ ആരാധനാലയങ്ങളിലെ പങ്കാളിത്തം 90% ശതമാനമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് ഓസ്ട്രേലിയയിലെ ഊര്‍ജസ്വലമായ കുടിയേറ്റ കത്തോലിക്കാ ജനസംഖ്യയെയാണ് സൂചിപ്പിക്കുന്നത്. സിറോ-മലബാര്‍ സഭ ഓസ്‌ട്രേലിയയിലെ കത്തോലിക്ക സമൂഹത്തിനാകെ വലിയ ആത്മീയ ഉണര്‍വാണ് പകരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ കാത്തലിക് ന്യൂസ് ഏജന്‍സി അടക്കം റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കരുടെ ശക്തമായ പ്രാതിനിധ്യമാണ് ആരാധനാലയങ്ങളിലെ മൊത്തത്തിലുള്ള ഇടിവ് തടയാന്‍ സഹായിച്ചത് എന്നത് ശ്രദ്ധേമായ കാര്യമായി റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിലെ ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ കാര്യം, 18-29 പ്രായമുള്ള യുവാക്കള്‍ കൂടുതലായി വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുന്നു എന്നതാണ്. 2006 നും 2016 നും ഇടയില്‍ പള്ളിയില്‍ പോയിരുന്ന യുവാക്കളെ അപേക്ഷിച്ച് 2016 നും 2021 നും ഇടയില്‍ 4,000 പേരുടെ വര്‍ധനയുണ്ടായതായി കണക്കുകള്‍ കാണിക്കുന്നു. യുവാക്കളുടെ സജീവമായ ഈ പങ്കാളിത്തം പ്രോത്സാഹജനകവും മതപരമായ ആചാരങ്ങളില്‍ അവര്‍ക്കുള്ള താല്‍പ്പര്യത്തെയും സൂചിപ്പിക്കുന്നു.

നാഷണല്‍ സെന്റര്‍ ഫോര്‍ പാസ്റ്ററല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍, 2021-ലെ ഓരോ വാരാന്ത്യത്തിലും ശരാശരി 417,300 വിശ്വാസികള്‍ (എല്ലാ പ്രായത്തിലുമുള്ള) വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതായി പറയുന്നു. എന്നാല്‍ 2016 ല്‍ ഇത് 623,300 ആയിരുന്നു. അതായത് 33 ശതമാനം ഇടിവ്. ഓസ്ട്രേലിയയിലെ കത്തോലിക്കാ ജനസംഖ്യയുടെ 8.2 ശതമാനം മാത്രമാണ് പള്ളിയില്‍ പോയിരുന്നത്.

കോവിഡ് സമയത്ത് ഓണ്‍ലൈന്‍ കുര്‍ബാനയില്‍ പങ്കെടുത്തവരില്‍ ചിലര്‍ ഈ പതിവ് അതിനു ശേഷവും തുടരുന്നു. അതേസമയം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് പൂര്‍ണമായും നിര്‍ത്തിയ ചിലര്‍ ആരാധനയിലേക്കു മടങ്ങിവന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.

2021ല്‍ പള്ളിയില്‍ പോയിരുന്ന സ്ത്രീകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതേസമയം, പ്രായമായ വിഭാഗങ്ങള്‍ ആരാധനാലയങ്ങളിലെ സജീവ സാന്നിധ്യമായി തുടരുന്നു. സിഡ്നി അതിരൂപതയിലും ഡാര്‍വിന്‍ രൂപതയിലുമാണ് വിശ്വാസികളുടെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തം രേഖപ്പെടുത്തിയത്. അതേസമയം സിഡ്നിക്ക് 100 മൈല്‍ മാത്രം അകലെയുള്ള മൈറ്റ്ലാന്‍ഡ്-ന്യൂകാസില്‍ രൂപതയിലാണ് ഏറ്റവും താഴ്ന്ന പങ്കാളിത്തമുണ്ടായത്.

2021 ലെ സെന്‍സസ് പ്രകാരം ഓസ്ട്രേലിയയിലെ കത്തോലിക്കാ ജനസംഖ്യ ഏകദേശം 5.1 ദശലക്ഷമാണ്, മൊത്തം ജനസംഖ്യയുടെ 20% വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.