പാരീസ്: കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പറ്റില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രം നിലത്തിഴയുന്ന രീതിയില്‍ ധരിച്ചെത്തിയ ഡൊമിനിക്കന്‍ നടിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. വെള്ള നിറത്തിലുള്ള ഗൗണിനൊപ്പം നടി അണിഞ്ഞിരുന്ന നീളമുള്ള ട്രെയ്നിലാണ് മുള്‍ക്കിരീടമണിഞ്ഞ ക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിരുന്നത്. എന്നാല്‍ ക്രിസ്തുവിന്റെ ചിത്രമുള്ള ഭാഗം നിലത്തിഴയുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി.
ഡൊമിനിക്കന്‍ നടി മാസിയേല്‍ ടവേരസാണ് അതിരുകടന്ന സാഹസത്തിനു മുതിര്‍ന്നത്. ക്രിസ്തുവിന്റെ ചിത്രം തറയിലൂടെ വലിച്ചിഴയ്ക്കുന്ന രീതിയിലുള്ള വസ്ത്രം അണിഞ്ഞതില്‍ വലിയൊരു വിഭാഗം വിശ്വാസികളാണ് നടിയെ വിമര്‍ശിക്കുന്നത്. തങ്ങളുടെ വിശ്വാസം വ്രണപ്പെടുത്തുന്ന വിധം വസ്ത്രം പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് പലരും നിലപാടെടുത്തത്.
അതേസമയം, വസ്ത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് സെക്യൂരിറ്റി ഗാര്‍ഡുകള്‍ നടിയെ വിലക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഫോട്ടോ എടുക്കാന്‍ അനുവദിക്കാതെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ നടിയെ തിരിച്ചയയ്ക്കുകയും ചെയ്തു. മത രാഷ്ട്രീയ ചിഹ്നങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കാനില്‍ വിലക്കുണ്ട്.
ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സെക്യൂരിറ്റി ഗാര്‍ഡ് ടവേരസിനെ പടികളില്‍ നിന്ന് നീക്കിയത്. ചുറ്റുമുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ വസ്ത്രം മറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കൈ നടി തട്ടി മാറ്റുന്നതും കാണാം. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
'ക്രിസ്തുവിന്റെ മുഖം എന്തിനാണ് തറയിലൂടെ വലിച്ചിഴയ്ക്കുന്നത്?' എന്നായിരുന്നു ഒരാള്‍ സമൂഹ മാധ്യമമായ എക്‌സില്‍ പ്രതികരിച്ചത്. 'ദൈവം അവളെ അനുഗ്രഹിക്കട്ടെ, ഞാന്‍ യേശുവിനെ സ്‌നേഹിക്കുന്നു. എന്നാല്‍ യേശുവിനെ തറയില്‍ വലിച്ചിഴയ്ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒട്ടും ആവേശം തോന്നിയില്ല' - മറ്റൊരാള്‍ കുറിച്ചു.
'യേശുവിന്റെ നാമത്തില്‍ അനുചിതമായ രീതിയില്‍ ശ്രദ്ധ നേടാനുള്ള ശ്രമം. ഗ്ലാമറസായിട്ടുള്ള ഗൗണ്‍ അണിഞ്ഞ് ക്രിസ്തുവിനെ നിലത്ത് വലിച്ചിഴയ്ക്കുന്നു. എന്തുകൊണ്ടാണ് അവര്‍ ചാക്ക് കൊണ്ടുള്ള വസ്ത്രം ധരിക്കാത്തത്' - ഇങ്ങനെ പോകുന്നു കമന്റുകള്‍. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍ എന്ന സംഘടനയും നടിയുടെ വസ്ത്രത്തിനെതിരേ സമൂഹ മാധ്യമത്തില്‍ പ്രതിഷേധവുമായി രംഗെത്തത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.