കൊച്ചിയില്‍ മേഘ വിസ്ഫോടനം: ഒരു മണിക്കൂറിനുള്ളില്‍ പെയ്തത് 100 മില്ലി മീറ്റര്‍ മഴ

കൊച്ചിയില്‍ മേഘ വിസ്ഫോടനം: ഒരു മണിക്കൂറിനുള്ളില്‍ പെയ്തത് 100 മില്ലി മീറ്റര്‍ മഴ

കൊച്ചി: ഇന്ന് രാവിലെ എറണാകുളം നഗരത്തിലും പരിസരങ്ങളിലും പെയ്ത കനത്ത മഴയുടെ കാരണം മേഘ വിസ്ഫോടനമെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍. രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത് കൊച്ചി സര്‍വകലാശാല മഴമാപിനിയില്‍ 100 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അടുത്തകാലത്ത് ആദ്യമായാണ് കുറഞ്ഞ സമയത്ത് ഇത്രയുമധികം മഴ ലഭിച്ചിരിക്കുന്നത്. ഇത് മേഘ വിസ്ഫോടനത്തിന്റെ ഫലമാകാമെന്ന് കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ എസ്. അഭിലാഷ് മുന്നറിയിപ്പ് നല്‍കി.

കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ് ശക്തമായ മഴയ്ക്ക് കാരണം. 14 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മേഘങ്ങളാണിവ. കൂമ്പാര മേഘങ്ങളില്‍ നിന്നുള്ള ശക്തമായ കാറ്റ് ആണ് മരങ്ങള്‍ കടപുഴകി വീഴാനും മറ്റും കാരണമായിരിക്കുന്നത്.

റിമാല്‍ ചുഴലിക്കാറ്റും അറബിക്കടലിന്റെ മധ്യഭാഗത്ത് നിലനില്‍ക്കുന്ന വലിയ മേഘ കൂട്ടങ്ങളുമാണ് കൊച്ചിയില്‍ ശക്തമായ മഴയ്ക്ക് കാരണമായത്. വലിയ നീരാവിയും വഹിച്ച് കാറ്റ് തീരപ്രദേശത്തേയ്ക്ക് വരുന്നതാണ് ശക്തമായ മഴയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിമാല്‍ ചുഴലിക്കാറ്റിന്റെ ഫലമായി പശ്ചിമ തീരത്തെ കാറ്റിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഇതും ശക്തമായ മഴയെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ പെയ്യുന്നത് പ്രീ മണ്‍സൂണ്‍ മഴയാണ്. പ്രീ മണ്‍സൂണ്‍ സമയത്താണ് ഇടമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ ലഭിക്കുന്നത്.

കൂമ്പാര മേഘങ്ങളാണ് ശക്തമായ മഴയ്ക്ക് കാരണം. സാധാരണ ഗതിയില്‍ മണ്‍സൂണ്‍ കാലത്ത് ഇത്തരത്തില്‍ കൂമ്പാര മേഘങ്ങള്‍ ഉണ്ടാവാറില്ല. എന്നാല്‍ അടുത്ത കാലത്തായി മണ്‍സൂണ്‍ സമയത്തും കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടുവരുന്നുണ്ട്. അതിനാല്‍ വരുന്ന മണ്‍സൂണ്‍ കാലത്തും കരുതിയിരിക്കണമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.