പെര്‍ത്ത്: വിമാനത്തിനുള്ളില്‍ പരാക്രമം കാട്ടി ഓടുകയും ഫ്‌ളൈറ്റ് അറ്റന്‍ഡറെ ഇടിച്ച് വീഴ്ത്തുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. ഓസ്ട്രേലിയന്‍ ആഭ്യന്തര വിമാനത്തിലെ യാത്രക്കാരനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച (മെയ് 28) പെര്‍ത്തില്‍ നിന്നും മെല്‍ബണിലേക്കുള്ള വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം തിരിച്ചിറക്കി.
നഗ്‌നനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് ഓടിയ യാത്രക്കാരന്‍ വിമാനം തിരിച്ചിറക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അറ്റന്‍ഡറെ ഇടിച്ചിടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം പെര്‍ത്തിലേക്ക് തന്നെ തിരിച്ചിറക്കിയതായി വിര്‍ജിന്‍ ഓസ്ട്രേലിയ എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തിരിച്ചിറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാരനെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് വൈദ്യ പരിശോധനക്ക് അയയ്ക്കുകയും ചെയ്തു.
വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ എങ്ങനെയാണ് വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയതെന്ന കാര്യം വ്യക്തമല്ല. ജൂണ്‍ 14ന് പെര്‍ത്ത് കോടതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് സമന്‍സ് അയക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. യാത്രക്കിടെയുണ്ടായ പ്രശ്നത്തില്‍ ക്ഷമാപണം നടത്തുകയാണെന്നും എയര്‍ലൈന്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളുണ്ടായിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ മാധ്യമമായ എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.