കനത്ത ചൂട്: ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കനത്ത ചൂട്: ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ന്യൂഡല്‍ഹി: കനത്ത ചൂടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ്.

വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തില്‍ ബിനേഷ് ഉള്‍പ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്.

ചൂടേറ്റ് തളര്‍ന്ന് തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ മുതല്‍ ബിനേഷിന് നിര്‍ജലീകരണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. പിന്നാലെ ഇന്നലെ രാത്രിയോടെ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയ ബിനേഷ് വൈകാതെ മരണമടഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് നാളെ മൃതദേഹം സ്വദേശമായ വടകരയില്‍ എത്തിക്കും. രണ്ട് കുട്ടികളുണ്ട്.

ഉത്തേരേന്ത്യയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാജസ്ഥാനിലെ പല പ്രദേശങ്ങളിലും ചൂട് 50 ഡിഗ്രിയായി. ഡല്‍ഹിയിലും ചൂട് 47 മുതല്‍ 49 ഡിഗ്രിയായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവടങ്ങള്‍ റെഡ് അലര്‍ട്ടിലാണ്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചൂട് 40 ഡിഗ്രിയില്‍ കൂടുതലാണ്.

ഉഷ്ണതരംഗത്തെ തുടര്‍ന്നാണോ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചത് എന്ന കാര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മനസിലാക്കാന്‍ സാധിക്കൂ എന്നാണ് ഡല്‍ഹിനപൊലീസിന്റെ ഔദ്യോഗിക ഭാഷ്യം.

കനത്ത ചൂട് കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയില്‍ ഉയര്‍ന്ന താപനില 49.9 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഡല്‍ഹിയിലെ മുങ്കേഷ്പുര്‍, നരേല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ ഉയര്‍ന്ന താപനില 49.9 രേഖപ്പെടുത്തി. ജൂണ്‍ 1,2 തിയതികളില്‍ പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

വരും ദിവസങ്ങളില്‍ കടുത്ത ശുദ്ധജല ക്ഷാമം ഉണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെള്ളം പാഴാക്കുന്നവരില്‍ നിന്ന് പിഴയീടാക്കുമെന്ന് മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൈപ്പ് വെള്ളം ഉപയോഗിച്ചു വാഹനങ്ങള്‍ കഴുകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

വീടുകള്‍ക്ക് മുകളിലുള്ള വാട്ടര്‍ടാങ്കില്‍ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്ന് ശ്രദ്ധയില്‍ പെട്ടാലും പിഴ ചുമത്തും. ഡല്‍ഹിക്ക് ആവശ്യമായ ശുദ്ധജലം വിട്ടുനല്‍കിയില്ലെങ്കില്‍ ഹരിയാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി അതിഷി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.