പീഡനക്കേസ്: ഒളിവിലായിരുന്ന പ്രജ്വല്‍ രേവണ്ണയെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ബംഗളൂരു വിമാനത്താവളത്തില്‍ വച്ച്

 പീഡനക്കേസ്: ഒളിവിലായിരുന്ന പ്രജ്വല്‍ രേവണ്ണയെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ബംഗളൂരു വിമാനത്താവളത്തില്‍ വച്ച്

ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന ശേഷം ബംഗളുരുവില്‍ മടങ്ങിയെത്തിയ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.40 ഓടെ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിലെത്തിയ പ്രജ്വല്‍ രേവണ്ണയെ അന്വേഷണ സംഘം അവിടെവച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രത്യേക അന്വേഷണ സംഘവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിറുത്തി വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ലുഫ്താന്‍സ വിമാനത്തിലാണ് പ്രജ്വല്‍ എത്തിയത്. 34 ദിവസത്തിനുശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തിയത്. പ്രജ്വല്‍ കബളിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണ സംഘം കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. ലുഫ്താന്‍സയില്‍ അല്ലാതെ മറ്റേതെങ്കിലും വിമാനത്തില്‍ വരാനും മറ്റേതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങാനും സാധ്യത കണ്ട് എവിടെ എത്തിയാലും അറസ്റ്റ് ചെയ്യാനുള്ള നടപടികളും മുന്‍കൂട്ടി സ്വീകരിച്ചിരുന്നു.

പ്രജ്വല്‍ പുറത്തുവിട്ട വിമാന ടിക്കറ്റ് വ്യാജമാണെന്നും അന്വേഷണ സംഘത്തെ കബളിപ്പിക്കുകയാണെന്നും ലുഫ്താന്‍സയുടെ ചെക്ക് ഇന്‍ വൈബ്സൈറ്റില്‍ പ്രജ്വല്‍ രേവണ്ണ എന്ന സ്ത്രീയാണ് ബുക്ക് ചെയ്തതെന്നും അഡ്രസ് തെറ്റാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മ്യൂണിക്കില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന ലുഫ്താന്‍സ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തെന്നാണ് പ്രജ്വല്‍ അറിയിച്ചിരുന്നത്. പ്രജ്വല്‍ ഉടന്‍ എത്തിയില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ അടുത്ത നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍ വന്‍ വിവാദമായതോടെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.