ഇസ്ലാമികവല്‍ക്കരണത്തിനെതിരെ ജര്‍മനിയില്‍ റാലി നടത്താനൊരുങ്ങവേ കത്തി ആക്രമണം; ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

ഇസ്ലാമികവല്‍ക്കരണത്തിനെതിരെ ജര്‍മനിയില്‍ റാലി നടത്താനൊരുങ്ങവേ കത്തി ആക്രമണം; ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

മാന്‍ഹൈം: ഇസ്ലാമികവല്‍ക്കരണത്തിനെതിരെ ജര്‍മനിയില്‍ സിറ്റിസണ്‍സ് മൂവ്‌മെന്റ് പാക്‌സ് യൂറോപ്പാ എന്ന സംഘടന റാലി നടത്താനിരിക്കെ ഉണ്ടായ കത്തി ആക്രമണത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്. ജര്‍മനിയിലെ മാന്‍ഹൈം നഗരത്തിലാണ് അഭയാര്‍ത്ഥിയായ യുവാവ് ആക്രമണം നടത്തിയത്. കുത്തേറ്റവരില്‍ ഒരാള്‍ പോലീസുദ്യോഗസ്ഥനാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല. അക്രമിയെ പോലീസ് വെടിവച്ചുവീഴ്ത്തി. അഫ്ഗാനിസ്ഥാനില്‍ ജനിച്ച് ജര്‍മ്മനിയില്‍ താമസിക്കുന്ന 25 കാരനാണ് ആക്രമണം നടത്തിയതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയുടെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 11:30നാണ് തിരക്കേറിയ സെന്‍ട്രല്‍ സ്‌ക്വയറില്‍ ആക്രമണം നടന്നത്. ഇസ്ലാമിക തീവ്രവാദത്തിനെതിരേ പ്രചാരണം നടത്തുന്ന സിറ്റിസണ്‍സ് മൂവ്‌മെന്റ് പാക്‌സ് യൂറോപ്പാ എന്ന സംഘടന ജര്‍മനിയുടെ ഇസ്ലാമികവല്‍ക്കരണത്തിനെതിരെ റാലി നടത്താനൊരുങ്ങുമ്പോഴാണ് ആക്രമണമുണ്ടാകുന്നത്. പൊടുന്നനെ റാലിയിലേക്ക് ഇരച്ചുകയറിയ യുവാവ് പലരെയും കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് മാന്‍ഹീം പൊലീസ് പറഞ്ഞു. സംഘടനാ നേതാവിന്റെ മുഖത്ത് അക്രമി കഠാര കൊണ്ട് കുത്തി. പെട്ടെന്ന് സ്ഥലത്തെത്തിയ പോലീസുകാരില്‍ ഒരാളുടെ തലയ്ക്കാണ് അക്രമി കുത്തിയത്. അതോടെ പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തി.

ആക്രമണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സര്‍ പറഞ്ഞു. മാന്‍ഹൈമില്‍ നിന്നുള്ള ചിത്രങ്ങള്‍ ഭയങ്കരമാണെന്നും ജനാധിപത്യത്തില്‍ അക്രമം അംഗീകരിക്കാനാവില്ലെന്നും ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആക്രമണം തീവ്രവാദ് പ്രേരിതമാകാന്‍ സാധ്യതയുണ്ടെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ മാര്‍ക്കറ്റ് സ്‌ക്വയറില്‍ സംഘടന ഒരു പരിപാടി രജിസ്റ്റര്‍ ചെയ്തിരുന്നതായി മാന്‍ഹൈം നഗരത്തിന്റെ വക്താവ് സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.