ന്യൂഡല്‍ഹി: സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീണ്ടും തിഹാര്‍ ജയിലില്‍.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സ്മാരകത്തില്‍ കെജരിവാള്‍ പുഷ്പാര്‍ച്ചന നടത്തി. ഭാര്യ സുനിത കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട് എന്നിവരും എഎപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
പിന്നീട് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. ശേഷം പാര്‍ട്ടി ഓഫീസില്‍ എത്തി പ്രവര്‍ത്തകരെ കണ്ട് ശേഷമാണ് കെജരിവാള്‍ ജയിലിലേക്ക് മടങ്ങിയത്. അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടല്ല, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതു കൊണ്ടാണ് ജയിലില്‍ പോകേണ്ടി വന്നതെന്ന് കെജരിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.
'ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ മകന്‍ ഇന്ന് ജയിലിലേക്ക് മടങ്ങുകയാണ്. ഞാന്‍ ഏതെങ്കിലും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടല്ല, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എനിക്കെതിരെ ഒരു തെളിവും തങ്ങളുടെ പക്കലില്ലെന്ന് പ്രധാനമന്ത്രി സമ്മതിച്ചു.
അവര്‍ 500 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും ഒരു പൈസ പോലും കണ്ടെടുത്തിട്ടില്ല. എഎപിക്ക് വേണ്ടി മാത്രമല്ല വിവിധ പാര്‍ട്ടികള്‍ക്കു വേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തിയത്. ഞാന്‍ മുംബൈ, ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പോയി. ആം ആദ്മി പാര്‍ട്ടിയല്ല പ്രധാനം, ഞങ്ങള്‍ക്ക് രാജ്യമാണ് പ്രധാനം'- കെജരിവാള്‍ പറഞ്ഞു.
ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി ശനിയാഴ്ച എഎപിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം കെജരിവാള്‍ വിളിച്ചു ചേര്‍ത്തിരുന്നു. അതിന് ശേഷമായിരുന്നു പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗത്തില്‍ അദേഹം പങ്കെടുത്തത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. ഇതോടെ ഡല്‍ഹി മുഖ്യമന്ത്രി ജയിലിലേക്ക് മടങ്ങുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.