ഒറ്റരാത്രി ദക്ഷിണ കൊറിയയിലേക്ക് അയച്ചത് 700-ലധികം മാലിന്യ ബലൂണുകള്‍; തല്‍ക്കാലം നിര്‍ത്തുകയാണെന്ന് ഉത്തരകൊറിയ

 ഒറ്റരാത്രി ദക്ഷിണ കൊറിയയിലേക്ക് അയച്ചത് 700-ലധികം മാലിന്യ ബലൂണുകള്‍; തല്‍ക്കാലം നിര്‍ത്തുകയാണെന്ന് ഉത്തരകൊറിയ

സിയോള്‍: ദക്ഷിണ കൊറിയയിലേക്ക് വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍ അയച്ച് ഉത്തരകൊറിയ. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച്ച പുലര്‍ച്ചയ്ക്കും ഇടയില്‍ 700ലധികം ബലൂണുകളാണ് വന്ന് പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി അറിയിച്ചു. ഉത്തരകൊറിയ അതിരുവിട്ട പ്രകോപനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.

ഇരു കൊറിയകളെയും വേര്‍തിരിക്കുന്ന മിലിട്ടറി ഡീമാര്‍ക്കേഷന്‍ രേഖയ്ക്ക് കുറുകെ പറന്നെത്തിയ 600 ഓളം ബലൂണുകള്‍ സിയോളിലും ചുറ്റുമുള്ള ജിയോങ്ഗി പ്രവിശ്യയിലും വീണതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് (ജെസിഎസ്) അറിയിച്ചു.

സിഗരറ്റ് കുറ്റികള്‍, തുണിക്കഷ്ണങ്ങള്‍, കാര്‍ഡ് ബോര്‍ഡുകള്‍, ടോയ്ലറ്റ് പേപ്പറുകള്‍ എന്നിവയാണ് ഇത്തവണത്തെ മാലിന്യ ബലൂണുകളില്‍ ഉണ്ടായിരുന്നത്. അപകടകരമായ വസ്തുക്കള്‍ കണ്ടെടുത്തിട്ടില്ല. എന്നിരുന്നാലും ബലൂണുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മാലിന്യ കവറുകളില്‍ ആരും സ്പര്‍ശിക്കരുതെന്ന് നിര്‍ദേശമുണ്ട്. ദക്ഷിണ കൊറിയയിലേക്ക് രണ്ട് തവണയായി മാലിന്യ ബലൂണുകള്‍ പറത്തിവിട്ടെങ്കിലും ഇതുവരെ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞയാഴ്ചയായിരുന്നു ദക്ഷിണ കൊറിയയിലേക്ക് ആദ്യം മാലിന്യ ബലൂണുകള്‍ എത്തിയത്. ടോയ്‌ലെറ്റ് പേപ്പറുകളും മൃഗങ്ങളുടെ വിസര്‍ജ്യവുമടക്കമുള്ള മാലിന്യങ്ങളാണ് കവറുകളിലാക്കി ബലൂണില്‍ ഘടിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച രാവിലെയ്ക്കും ഇടയില്‍ 260 മാലിന്യ ബലൂണുകള്‍ ഉത്തരകൊറിയയില്‍ നിന്നെത്തി.

കെമിക്കല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം, എക്‌സ്‌പ്ലോസീവ് ക്ലിയറന്‍സ് ടീം എന്നിവരെ വിന്യസിച്ചാണ് മാലിന്യങ്ങള്‍ എടുത്തുമാറ്റിയത്. ചവറുകള്‍ക്കിടയില്‍ അപകടകരമായ വസ്തുക്കളുണ്ടോയെന്ന് കണ്ടെത്താനാണ് സംഘങ്ങളെ വിന്യസിച്ചത്. ആദ്യ ഘട്ടത്തില്‍ എത്തിയ ബലൂണുകളില്‍ ചിലതിന് ടൈമര്‍ സംവിധാനമടക്കം ഉണ്ടായിരുന്നു. നിശ്ചിത സമയം കഴിഞ്ഞാല്‍ ബലൂണ്‍ പൊട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്.

അതേസമയം, ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകള്‍ വിടുന്നത് നിര്‍ത്തുകയാണെന്ന് ഉത്തരകൊറിയ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 ടണ്‍ മാലിന്യങ്ങളാണ് ഇത്തരത്തില്‍ ബലൂണികളിലായി ദക്ഷിണ കൊറിയയിലേക്ക് എത്തിയത്. ഉത്തര കൊറിയയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അതിര്‍ത്തിയിലേക്കു മാലിന്യങ്ങള്‍ എത്തിക്കുന്നത് താത്കാലികമായി നിര്‍ത്തുകയാണെന്നാണ് ഉത്തരകൊറിയയുടെ ഉപ പ്രതിരോധ മന്ത്രി കിം കാങ് ഇല്‍ അറിയിച്ചത്.

ഉത്തരകൊറിയയുടെ ഭരണ നേതൃത്വത്തിനെതിരായി നടത്തിയ കുപ്രചരണങ്ങളെ ചെറുക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധമാണിതെന്നാണ് കിം കാങ് ഇല്ലിന്റെ വാദം. ദക്ഷിണ കൊറിയ തങ്ങള്‍ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും കിം അവകാശപ്പെടുന്നു.

ഈ നീക്കം ഞങ്ങള്‍ ഇപ്പോള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ പോവുകയാണ്. പക്ഷേ ദക്ഷിണ കൊറിയ ലഘുലേഖകളുടെ വിതരണം പുനരാരംഭിച്ചാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചതിന് നൂറിരട്ടി മാലിന്യങ്ങളിലായിരിക്കും അവിടേക്ക് എത്താന്‍ പോകുന്നത്. ഇതൊരു മുന്നറിയിപ്പ് മാത്രമാണ്. പ്രകോപനം ഉണ്ടായാല്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും കിം കാങ് ഇല്‍ അറിയിച്ചു.

ഇത്തരത്തില്‍ മാലിന്യ ബലൂണുകള്‍ അയച്ച സംഭവത്തില്‍ ഉത്തരകൊറിയയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കൊറിയയും അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് വ്യക്തമാകുമെന്നും ദക്ഷിണ കൊറിയ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.