വത്തിക്കാൻ സിറ്റി: വിശുദ്ധ കുർബാന സ്വാർത്ഥതയെ മറികടക്കാനും സ്നേഹത്തിലേക്കും സാഹോദര്യത്തിലേക്കുമുള്ള വഴി തുറക്കാനും നമ്മെ സഹായിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ.അനേകം രാജ്യങ്ങളിൽ സഭ 'കോർപ്പസ് ക്രിസ്റ്റി' അഥവാ പരിശുദ്ധ കുർബാനയുടെ തിരുനാളായി ആഘോഷിച്ച ഞായറാഴ്ച, ത്രികാലജപ പ്രാർത്ഥനയ്ക്ക് ഒരുക്കമായുള്ള സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. അന്ത്യ അത്താഴത്തിൻ്റെ രാത്രിയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് നമുക്കായി തന്നെത്തന്നെ നൽകിയ യേശുവിൻ്റെ പ്രവൃത്തിയെക്കുറിച്ചാണ് പാപ്പാ ധ്യാനചിന്തകൾ പങ്കുവച്ചത്.
ശിഷ്യന്മാർക്ക് അപ്പം മുറിച്ചുനൽകിയ ലളിതമായ ഈ പ്രവൃത്തിയിലൂടെ യേശു തൻ്റെ വ്യക്തിത്വവും ദൗത്യവും അവർക്ക് വെളിപ്പെടുത്തി. അവിടുന്ന് സ്വജീവൻ രക്ഷിക്കാൻ ശ്രമിക്കാതെ നമുക്ക് വേണ്ടി അത് നഷ്ടപ്പെടുത്തി. ഈ മഹാദാനത്തിന്റെ മാനമാണ് സുവിശേഷം ഊന്നിപ്പറയുന്നത് - പാപ്പാ പറഞ്ഞു.
ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു നിധിയായി അവിടുന്ന് പരിഗണിച്ചില്ല. എന്നാൽ അവിടുന്ന് തൻ്റെ സർവ്വമഹത്വവും ഉപേക്ഷിച്ച്, നമ്മുടെ മാനുഷികതയിൽ പങ്കാളിയാവുകയും നമുക്ക് നിത്യജീവൻ നേടിത്തരുകയും ചെയ്തു. അങ്ങനെ, യേശു തന്റെ ജീവിതം മുഴുവൻ നമുക്കുവേണ്ടിയുള്ള ഒരു സമ്മാനമാക്കി മാറ്റിയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ക്രിസ്തീയ വിശ്വാസജീവിതത്തിൻ്റെ കേന്ദ്രവും സഭ മുഴുവനുമായുള്ള ബന്ധവും
ക്രിസ്തീയ വിശ്വാസജീവിതത്തിൻ്റെ കേന്ദ്രമാണ് വിശുദ്ധ കുർബാനയെന്ന് മാർപാപ്പ തുടർന്നുപറഞ്ഞു. വിശുദ്ധ കുർബാന ആഘോഷിക്കുന്നതും അപ്പം ഭക്ഷിക്കുന്നതും നമ്മുടെ ജീവിതത്തിൽ നിന്നും വേർപ്പെട്ട ഒരു ആരാധനയോ വ്യക്തിപരമായ ആശ്വാസം നൽകുന്ന ഏതാനും നിമിഷങ്ങളോ അല്ല മറിച്ച്, സ്വജീവൻ മറ്റുള്ളവർക്കായി അർപ്പിക്കാനും നമ്മെയും നമുക്കുള്ളവയെയും പങ്കുവയ്ക്കാനും അത് നമ്മെ പ്രാപ്തരാക്കുന്നു.
പുതിയ ലോകത്തിൻ്റെ പ്രവാചകർ
വിശുദ്ധ കുർബാന ഒരു പുതിയ ലോകത്തിൻ്റ പ്രവാചകരും നിർമ്മാതാക്കളുമായി നമ്മെ മാറ്റണം എന്ന കാര്യം പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. സ്വന്തം ആവശ്യങ്ങൾക്കായി മാത്രം എന്തും കൈവശം വയ്ക്കുന്നതും ഉപഭോഗം ചെയ്യുന്നതുമായ നമ്മുടെ യുക്തിയിൽ നിന്ന് അത് നമ്മെ പിന്തിരിപ്പിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സ്വാർത്ഥതയെ മറികടന്ന് സ്നേഹത്തോടെ തുറവിയുള്ളവരായിത്തീരുമ്പോൾ, സഹോദര ബന്ധങ്ങൾ വളർത്തിയെടുക്കുമ്പോൾ, മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ പങ്കുചേരുമ്പോൾ, ഭക്ഷണവും മറ്റു വിഭവങ്ങളും ആവശ്യക്കാരുമായി പങ്കുവയ്ക്കുമ്പോൾ, നമ്മുടെ കഴിവുകൾ എല്ലാവർക്കുമായി ലഭ്യമാക്കുമ്പോൾ യേശുവിനെപ്പോലെ നാമും നമ്മുടെ ജീവിതത്തിൻ്റെ അപ്പം മുറിക്കുന്നവരായിത്തീരുന്നു - മാർപാപ്പ പറഞ്ഞു.
എല്ലാവർക്കും പ്രയോജനമുള്ളവ തേടണം
'മറ്റുള്ളവർക്കായി എൻ്റെ ജീവിതം ഞാൻ പങ്കുവയ്ക്കുന്നുണ്ടോ അതോ സ്വന്തം താല്പര്യങ്ങൾ മാത്രമാണോ ഞാൻ തേടുന്നത്?' - ഈ ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമായ യേശുവിനെ സ്വീകരിച്ച് അവനുവേണ്ടി തന്നെത്തന്നെ പൂർണമായി സമർപ്പിച്ച പരിശുദ്ധ കന്യകാമറിയം, വിശുദ്ധ കുർബാനയിലെ യേശുവിനോട് ഐക്യപ്പെട്ട് ഒരു സ്നേഹസമ്മാനമായിത്തീരാൻ നാമേവരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.