അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയ ഇൻഡോറിൽ നോട്ടക്ക് രണ്ട് ലക്ഷം വോട്ട്; റെക്കോഡ്

അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയ ഇൻഡോറിൽ നോട്ടക്ക് രണ്ട് ലക്ഷം വോട്ട്; റെക്കോഡ്

ന്യൂഡൽഹി: നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം കോണ്‍ഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച ഇന്‍ഡോറില്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ജനം. ബിജെപി സ്ഥാനാര്‍ഥി പത്ത് ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 11 ലക്ഷം വോട്ട് നേടിയപ്പോള്‍ തൊട്ട് പുറകെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സ്ഥാനാർത്ഥികളല്ല, നോട്ടയാണ്.

2,02,212 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഒൻപത് ലക്ഷത്തിനോട് അടുത്ത ലീഡ് ഈ മണ്ഡലത്തിൽ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇൻഡോറിനെ വേറിട്ടുനിര്‍ത്തുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന അക്ഷയ് കാന്തി ഭം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നത്. 14 സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ശങ്കര്‍ ലാല്‍വനിയാണ് ഇൻഡോറിൽ ഇത്തവണയും വിജയത്തിലേക്ക് കടക്കുന്നത്. ബിജെപി സ്ഥാനാർഥിക്ക് 11 ലക്ഷത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ മറ്റ് 13 സ്ഥാനാര്‍ഥികള്‍ക്കും 50,000 ത്തില്‍ താഴെയായിരുന്നു വോട്ട്.

എന്നാല്‍ നോട്ട 2 ലക്ഷത്തിലധികം വോട്ട് മണ്ഡലത്തില്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ്സ് അണികളോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ കൂടി പ്രതിഫലനമാണ് ഈ ഫലം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.