ജര്‍മനിയിലുണ്ടായ കത്തിയാക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ മരിച്ചു; ഭീകരതയ്ക്കെതിരേ പ്രതിഷേധം ശക്തം; വെള്ളിയാഴ്ച്ച റാലി

ജര്‍മനിയിലുണ്ടായ കത്തിയാക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ മരിച്ചു; ഭീകരതയ്ക്കെതിരേ പ്രതിഷേധം ശക്തം; വെള്ളിയാഴ്ച്ച റാലി

മാന്‍ഹൈം: ജര്‍മന്‍ നഗരമായ മാന്‍ഹൈമില്‍ കഴിഞ്ഞ ദിവസമുണ്ടായ കത്തിയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരന്‍ മരണത്തിനു കീഴടങ്ങി. കുത്തേറ്റ മറ്റ് ആറുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. വെടിയേറ്റ അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ അക്രമിയും ആശുപത്രിയിലാണുള്ളത്. ഇയാള്‍ 2015 ലാണ് ജര്‍മനിയില്‍ എത്തിയത്. സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാണ്.

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജര്‍മനിയില്‍ ശക്തമായ ജനവികാരമാണ് ഉയരുന്നത്. ഇന്നലെ മാന്‍ഹൈമില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്ത മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.

ആക്രമണം നടന്ന നഗരചത്വരത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാനും മെഴുകുതിരി തെളിക്കാനും അനേകരാണ് എത്തുന്നത്. ഇസ്ലാമിക തീവ്രവാദത്തോട് കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് ഭരണ- പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടു.

മാന്‍ഹൈം നഗരത്തില്‍ ഇസ്ലാമികവല്‍ക്കരണത്തിനെതിരെ സിറ്റിസണ്‍സ് മൂവ്മെന്റ് പാക്സ് യൂറോപ്പാ എന്ന സംഘടന റാലി നടത്താനിരിക്കെയാണ് കത്തി ആക്രമണം ഉണ്ടായത്. ആറ് പേര്‍ക്കാണ് കുത്തേറ്റത്. അഫ്ഗാനിസ്ഥാനില്‍ ജനിച്ച് ജര്‍മ്മനിയില്‍ താമസിക്കുന്ന 25 കാരനാണ് ആക്രമണം നടത്തിയതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാഡന്‍-വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്ത് വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഭീകരതയ്ക്കെതിരായി മാന്‍ഹൈമില്‍ നടക്കുന്ന റാലിയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പങ്കെടുക്കും. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് കത്തിയാക്രമണത്തെ നിശിതമായ ഭാഷയിലാണ് അപലപിച്ചത്.

ഇസ്ലാമികവല്‍ക്കരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ജര്‍മനിയില്‍ സിറ്റിസണ്‍സ് മൂവ്‌മെന്റ് പാക്‌സ് യൂറോപ്പാ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്കു നേരേ നടന്ന ആക്രമണം അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാണെന്നും അത് ജനാധിപത്യരാജ്യമായ ജര്‍മനിയില്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം ജനാധിപത്യത്തെ തകര്‍ക്കുമെന്ന് ജര്‍മന്‍ പ്രസിഡന്റ് വാള്‍ട്ടര്‍ സ്റ്റൈന്‍മായര്‍ അഭിപ്രായപ്പെട്ടു.

പൊലീസുകാര്‍ക്കു നേരേയുള്ള കത്തിയാക്രമണം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അക്രമികളെ നാടുകടത്തുന്നതില്‍ മന്ദഗതി പാടില്ലെന്നും അവര്‍ നിര്‍ദേശിച്ചു.

ഇസ്ലാമിസ്റ്റുകളുടെ ഭീകരതയ്ക്കു മുന്പില്‍ നിയമവും രാഷ്ട്രവും കര്‍ശന നിലപാട് എടുക്കുമെന്ന് ആഭ്യന്തരമന്ത്രി നാന്‍സി ഫേസര്‍ പറഞ്ഞു. അഫ്ഗാന്‍ അഭയാര്‍ഥികളെ മേലില്‍ സ്വീകരിക്കരുതെന്നും വന്നിട്ടുള്ളവരെ തിരിച്ചയയ്ക്കാന്‍ തുടങ്ങണമെന്നും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.