ലോക്സഭയിലെത്തുന്ന പ്രായം കുറഞ്ഞ എംപിമാര്‍ ഇവര്‍

ലോക്സഭയിലെത്തുന്ന പ്രായം കുറഞ്ഞ എംപിമാര്‍ ഇവര്‍

ന്യൂഡല്‍ഹി: പ്രായം കുറഞ്ഞ നാല് പേരാണ് ഇത്തവണ ലോക്സഭയിലെത്തുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച പുഷ്പേന്ദ്ര സരോജ്, പ്രിയ സരോജ്, ലോക്ജനതാ ശക്തി പാര്‍ട്ടിയുടെ ശാംഭവി ചൗധരിയും കോണ്‍ഗ്രസിന്റെ സഞ്ജന ജാദവും ആണ് പ്രായം കുറഞ്ഞ നാല് എംപിമാര്‍.
ശാംഭവി ചൗധരി

ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന അശോക് ചൗധരിയുടെ മകളാണ് ശാംഭവി ചൗധരി. സമസ്തിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ സണ്ണി ഹസാരിയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയും 25 കാരിയുമായ ശാംഭവി ചൗധരി വിജയിച്ചത്.

ജെഡിയു മന്ത്രി മഹേശ്വര്‍ ഹസാരിയുടെ മകനാണ് സണ്ണി ഹസാരി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശാംഭവി എന്‍ഡിഎയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിരുന്നു.

സഞ്ജന ജാദവ്

രാജസ്ഥാനിലെ ഭരത്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് സഞ്ജന ജാദവ് വിജയിച്ചത്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2023 ലെ അസംബ്ലി തിരഞ്ഞെടുപ്പിലും സഞ്ജന മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ രമേഷ് ഖേദിയോട് വെറും 409 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

പുഷ്പേന്ദ്ര സരോജ്

മുമ്പ് ബിജെപി കൈവശം വച്ചിരുന്ന കൗശമ്പി പാര്‍ലമെന്റ് സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ഥിയായി പുഷ്പേന്ദ്ര സരോജ് രാഷ്ട്രീയത്തിലെത്തുന്നത്. ബിജെപി സിറ്റിങ് എംപി വിനോദ് കുമാര്‍ സോങ്കറിനെ 103,944 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പുഷ്പേന്ദ്ര വിജയിച്ചത്. അഞ്ച് തവണ എംഎല്‍എയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ ഇന്ദര്‍ജിത് സരോജിന്റെ മകനാണ് പുഷ്പേന്ദ്ര.

പ്രിയ സരോജ്

5,850 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മച്ച്ലിഷഹര്‍ മണ്ഡലത്തില്‍ നിന്ന് പ്രിയ സരോജ് വിജയിച്ചത്. സിറ്റിങ് ബിജെപി എംപി ഭോലാനാഥിനെതിരെയാണ് പ്രിയ സരോജ് മത്സരിച്ചത്. മൂന്ന് തവണ എംപിയായ തൂഫാനി സരോജിന്റെ മകളാണ് പ്രിയ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.