ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം ആര്‍ക്കും അത്ര എളുപ്പമാകില്ല.
എന്‍ഡിഎയ്‌ക്കോ, ഇന്ത്യ സഖ്യത്തിനോ അധികാരത്തിലെത്തണമെങ്കില്‍ വോട്ടെണ്ണലിന് ശേഷം കിങ് മേക്കര്‍മാരായി മാറിയ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുടെ നിലപാടുകള്‍ നിര്‍ണായകമാകും. എന്‍ഡിഎയുടെ ഇന്നത്തെ യോഗം നിര്‍ണായകമാണ്.
വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രബാബു നായിഡു കടുത്ത ചില ഉപാധികള്‍ മുന്നോട്ട് വയ്ക്കുമെന്നതാണ് പ്രധാന പ്രതിസന്ധി. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉള്‍പ്പടെ വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം.
കൂടാതെ സുപ്രധാന ക്യാബിനറ്റ് പദവികള്‍ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടുമെന്നും എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ഉറപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇന്നത്തെ എന്‍ഡിഎ യോഗത്തില്‍ നടനും ജനസേന നേതാവുമായ പവന്‍ കല്യാണും പങ്കെടുക്കും.
എന്നാല്‍ നിതീഷ് കുമാര്‍ ഇതുവരെ കാര്യമായി മനസ് തുറന്നിട്ടില്ല. അതേസമയം നിതീഷിനേയും നായിഡുവിനേയും മറുകണ്ടം ചാടിക്കാന്‍ ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസും മുതിര്‍ന്ന എന്‍സിപി നേതാവും രാഷ്ട്രീയ ചാണക്യനുമായ ശരദ് പവാറും ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ സഖ്യ കക്ഷികളായിരുന്ന ജെഡിയുവിനേയും ടിഡിപിയേയും ഒപ്പം ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് തള്ളുന്നില്ല. മുന്നണികള്‍ മാറാന്‍ യാതൊരു മടിയും കാണിക്കാത്ത നിതീഷിന്റെ ചരിത്രം ബിജെപിയിലും ആശങ്കയുണര്‍ത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.