ഉയരുക ഭാരതമേ, വാഴുക നിന്‍ പുകള്‍പെറ്റ ജനാധിപത്യം

ഉയരുക ഭാരതമേ, വാഴുക നിന്‍ പുകള്‍പെറ്റ ജനാധിപത്യം

2024 ജനാധിപത്യത്തിന്റെ വിജയ വര്‍ഷമാണ്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ജനാധിപത്യ മാമാങ്കത്തിന് കേളികൊട്ടുയര്‍ന്ന വര്‍ഷം. സമ്പൂര്‍ണ തിരഞ്ഞെടുപ്പ് വര്‍ഷമെന്നാണ് ടൈം മാഗസിന്‍ 2024-നെ വിശേഷിപ്പിച്ചത്. ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷമാണിത്. 64 രാജ്യങ്ങളില്‍ ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നു. പകുതിയിലേറെ രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ശേഷിക്കുന്ന രാജ്യങ്ങളില്‍ വരാനിരിക്കുന്നു. ലോക ജനസംഖ്യയില്‍ പകുതിയിലധികം ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നു എന്ന സവിശേഷതയുമുണ്ട് 2024-ന്.

ഇന്തോനേഷ്യ, മെക്‌സികോ, തായ്‌വാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മഡഗാസ്‌കര്‍, പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ തുടങ്ങി ഇപ്പോള്‍ ഇന്ത്യയിലും തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. ഇറാനിലും റഷ്യയിലും തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും അത് പൂര്‍ണ രീതിയിലുള്ള ജനാധിപത്യമായിരുന്നോ എന്ന ആശങ്ക ഒരുവശത്ത് നിലനില്‍ക്കുന്നു.

ഈ മാസം തന്നെ യൂറോപ്യന്‍ യൂണിയനിലേക്കും തുടര്‍ന്ന് ബ്രിട്ടനിലും നവംബറില്‍ അമേരിക്കയിലും പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതോടെ 2024 ജനാധിപത്യ തിരഞ്ഞെടുപ്പുകളുടെ വര്‍ഷമായി മാറി.

വികസ്വര രാജ്യമെന്ന് നാം വിളിക്കുകയും ഗ്രാമങ്ങള്‍ ദരിദ്രമായി തുടരുകയും ചെയ്യുന്ന ഇന്ത്യയെന്ന രാഷ്ട്രത്തിന് ലോക രാജ്യങ്ങള്‍ക്കിടയില്‍ അല്‍പമെങ്കിലും യശസും അംഗീകാരവും ലഭിക്കുന്നത് നമ്മുടെ മഹത്തായ ജനാധിപത്യം മൂലമാണ്. ലോകത്തിന് മുന്നില്‍ ഭാരതജനത ഒരിക്കല്‍ കൂടി കാണിച്ചുകൊടുക്കുകയാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും തേജസും.

വിഭിന്നങ്ങളായ ഭാഷകള്‍, സംസ്‌കാരങ്ങള്‍, മതം, ജാതി, ജീവിത രീതി, ആചാരങ്ങള്‍, ഭക്ഷണം, സാമൂഹിക കാഴ്ച്ചപ്പാടുകള്‍ തുടങ്ങി എല്ലാത്തിലും വ്യത്യസ്തമായിരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ശക്തിയായിരുന്നു ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ്.

ജനാധിപത്യത്തെയും മതേതര മൂല്യങ്ങളെയും കശക്കിയെറിഞ്ഞ് ഒരു ഏകാധിപതിയെപ്പോലെ ആഗ്രഹിക്കുന്ന കാലത്തോളം ഇന്ത്യയുടെ അധികാര സ്ഥാനത്ത് തുടരാമെന്ന നരേന്ദ്ര മോഡിയുടെയും ബി.ജെപിയുടെയും വ്യാമോഹത്തെയാണ് നിരക്ഷരരും അര്‍ധപട്ടിണിക്കാരുമായ ഗ്രാമീണ കര്‍ഷക ജനത ഒന്നിളക്കി ഉഴുതുമറിച്ചത്. രാജ്യം ഏകാധിപത്യത്തിലേക്ക്, ഏക പാര്‍ട്ടി ഭരണത്തിലേക്ക്, അപ്രസക്തമാകുന്ന ഭരണഘടന, നിര്‍ജീവമായേക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍, നിശബ്ദമാക്കപ്പെടാന്‍ സാധ്യതയുള്ള നീതിന്യായ വ്യവസ്ഥ തുടങ്ങി അനേകം ചോദ്യങ്ങളുടെ മുന്നിലാണ് ഭാരത ജനത അവരുടെ ജനാധിപത്യമെന്ന ആയുധമെടുത്ത് അഹങ്കാര രൂപത്തിന് പ്രഹരമേല്‍പ്പിക്കുന്നത്. ഒരുപക്ഷേ ബി.ജെ.പിയോ അവരുടെ സഖ്യകക്ഷികളോ മാത്രമല്ല, പ്രതിപക്ഷം പോലും ഇത്തരമൊരു തിരഞ്ഞെടുപ്പ് വിധി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

ഇന്ത്യയിലെ പ്രശസ്തമായ മാധ്യമ സ്ഥാപനങ്ങളൊന്നും ഇത്തരമൊരു തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരുന്നില്ല. എന്നാല്‍ ഏവരുടെയും ചിന്തകള്‍ക്ക് അതീതമായാണ് ഇന്ത്യയിലെ യാദവരും മറാഠികളും പഞ്ചാബികളും ബംഗാളികളും തമിഴരുമെല്ലാമടങ്ങുന്ന അടിസ്ഥാന ജനവിഭാഗം ജനാധിപത്യമെന്ന തങ്ങളുടെ അധികാരം പ്രയോഗിച്ചത്.

വീണ്ടും ഭരണത്തിലേറി രാമരാജ്യമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കി ന്യൂനപക്ഷങ്ങളെ വരുതിയില്‍ നിര്‍ത്താമെന്ന മോഹത്തിനാണ് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനം തിരിച്ചടി നല്‍കിയത്. കേവലഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും 240 നടുത്ത് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ആശങ്കകള്‍ക്കിടയിലും ബി.ജെപി. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

എപ്പോഴൊക്കെ ഇന്ത്യന്‍ ജനാധിപത്യം പ്രതിസന്ധിയിലായിട്ടുണ്ടോ ആ സമയങ്ങളിലൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുള്ളത് സാധാരണക്കാരായ പട്ടിണിപ്പാവങ്ങളും കര്‍ഷകരുമാണ്. ഉത്തര്‍പ്രദേശിലെ ഉള്‍പ്പെടെ ജനവിഭാഗങ്ങള്‍ തങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.