സുരേഷ് ഗോപിയുടെ വിജയം: ക്രൈസ്തവ അവഗണനക്കുള്ള മറുപടിയെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

സുരേഷ് ഗോപിയുടെ വിജയം: ക്രൈസ്തവ അവഗണനക്കുള്ള മറുപടിയെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സീറോ മലബാര്‍ സഭയുടെ അല്‍മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവും മറ്റ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കേറ്റ തിരിച്ചടിയും കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണനക്കുള്ള മറുപടിയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.

'ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത നടത്തിയ വിശകലനത്തെ ശരി വെക്കുകയാണ് മുരളീധരന്റെ വാക്കുകള്‍. മുന്‍ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന രണ്ട് ശക്തമായ സമുദായങ്ങള്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

വീണ്ടും ഒരിക്കല്‍ കൂടി അടിവരയിട്ടു പറയുന്നു. ഇടത്, വലത് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണനയ്ക്കുള്ള മറുപടിയായി മാറുകയാണ്'- കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു.

ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഒരു സമുദായത്തിന് മാത്രം നല്‍കുന്ന അനര്‍ഹമായ പ്രീണനം ഉപേക്ഷിക്കുന്നില്ലെങ്കില്‍ വരാന്‍ പോകുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി പ്രതീക്ഷിക്കേണ്ടി വരുമെന്നും സംഘടന വ്യക്തമാക്കി.

ക്രൈസ്തവ സമുദായത്തിന്റെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി കണ്ട് അവരെ തമസ്‌കരിച്ചവര്‍ക്കുള്ള യുക്തമായ മറുപടി തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പുറത്തിറക്കിയ പ്രസ്താവന: 

കേരളത്തിലെ ക്രൈസ്തവ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളോട് കേരളത്തിലെ മാറിമാറി വരുന്ന ഭരണ സംവിധാനങ്ങള്‍ കാണിച്ച ചിറ്റമ്മ നയത്തിനുള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നത്. ക്രൈസ്തവ സമുദായത്തിന്റെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി കണ്ട് അവരെ തമസ്‌കരിച്ചവര്‍ക്കുള്ള യുക്തമായ മറുപടി തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിലും ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിലും കാണിക്കുന്ന അമാന്തവും സ്‌കോളര്‍ഷിപ്പ് വിഷയങ്ങളിലെ നഗ്‌നമായ അനീതി തിരുത്തുന്നതിനുള്ള അലംഭാവവും ഇ.ഡബ്ല്യു.എസ് സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ട് പോലും അര്‍ഹതപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനവുമടക്കമുള്ള വിഷയങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു സമുദായത്തെ അതിരുവിട്ട് പ്രീണിപ്പിക്കുന്ന സമീപനവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തെ പൂട്ടിക്കെട്ടാന്‍ ഒരുക്കിയ പ്രകടന പത്രികയിലെ പരാമര്‍ശവും അന്ധമായ കര്‍ഷക വിരുദ്ധ നയങ്ങളും ക്രൈസ്തവ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ നയരൂപീകരണവും കണ്ട് നിരാശരായി വീര്‍പ്പുമുട്ടി കഴിയുന്ന ഒരു സമുദായത്തിന്റെ പ്രതിപ്രവര്‍ത്തനമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുള്ളത്.

അന്താരാഷ്ട്ര ഭീകര സംഘടനകള്‍ക്ക് കേരളത്തില്‍ വേരോട്ടം ഉണ്ടെന്ന് ഇവിടുത്തെ ഡിജിപിമാര്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ അവഗണിച്ച് അത്തരം അന്താരാഷ്ട്ര ഭീകര സംഘടനകളുടെ ക്ഷേമത്തിനു വേണ്ടി നില കൊള്ളുന്നവരാകുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അല്ല, മറിച്ച് കേരളത്തിലെ സാധാരണക്കാരന്റെ ജീവല്‍ പ്രശനങ്ങളാണ് ഇടത് - വലത് മുന്നണികള്‍ പ്രധാന വിഷയമാകേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നല്‍കുന്നു.

ഈ തുടക്കം ഒരു മുന്നറിയിപ്പാണ് എന്ന് കേരളത്തിലെ മുന്നണികള്‍ തിരിച്ചറിയുന്നത് നന്നായിരിക്കും. സമുദായത്തിന്റെ ന്യായമായ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നവരെ മാത്രമേ ക്രൈസ്തവ സമുദായവും പിന്തുണയ്ക്കുകയുള്ളൂ എന്ന മുന്നറിയിപ്പാണിത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.