കാന്‍ബറ: ഓസ്‌ട്രേലിയന്‍ പ്രതിരോധസേനയില്‍ ചേരാന്‍ പൗരന്മാരല്ലാത്ത വിദേശികള്‍ക്കും അവസരം നല്‍കുമെന്ന് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ്. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഭീഷണി നേരിടാന്‍ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തണമെന്നു സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കിലും സേനയില്‍ ചേരാന്‍ ആളില്ലാത്ത സാഹചര്യത്തിലാണിത്. ഓസ്ട്രേലിയയില്‍ 12 മാസമായി താമസിക്കുന്നവര്‍ക്കാണ് സേവനത്തിനുള്ള അവസരം ലഭിക്കുന്നത്.
അയല്‍രാജ്യമായ ന്യൂസിലന്‍ഡുകാര്‍ക്കാണ് ആദ്യം അവസരം. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ള ന്യൂസിലന്‍ഡുകാര്‍ക്ക് ജൂലൈ മുതല്‍ സേനയില്‍ ചേരാം. അടുത്ത വര്‍ഷം ബ്രിട്ടന്‍, യുഎസ്, കാനഡ പൗരന്മാര്‍ക്കും അവസരമുണ്ടാകും.
സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ ഇത്തരമൊരു നടപടി അനിവാര്യമെന്നാണ് പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വിശദീകരിച്ചത്. 26 ദശലക്ഷമാണ് ഓസ്ട്രേലിയയിലെ ജനസംഖ്യ.
വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ അന്തര്‍വാഹിനികള്‍, ജെറ്റുകള്‍, നിരവധി യുദ്ധ വാഹനങ്ങള്‍ എന്നിവ വാങ്ങി ഓസ്‌ട്രേലിയ സമീപ വര്‍ഷങ്ങളില്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ പൈലറ്റുമാരെയും നാവികരെയും സൈനികരെയും കണ്ടെത്തുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.
ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സില്‍ കരുതല്‍ ശേഖരം ഉള്‍പ്പെടെ ഏകദേശം 90,000 ഉദ്യോഗസ്ഥരാണുള്ളത്. അതേസമയം, ചൈനീസ് സൈന്യത്തില്‍ ഏകദേശം രണ്ട് ദശലക്ഷം ഉദ്യോഗസ്ഥരുണ്ട്.
സൈന്യത്തില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്കു പ്രവേശന മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. ഒരു വര്‍ഷം ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസക്കാരനായിരിക്കണം, മുന്‍പത്തെ രണ്ടു വര്‍ഷങ്ങളില്‍ വിദേശ സൈന്യത്തില്‍ അംഗമായിരിക്കരുത്, ഓസ്‌ട്രേലിയന്‍ പൗരത്വത്തിനു യോഗ്യത ഉണ്ടായിരിക്കണം തുടങ്ങിയ മാദണ്ഡങ്ങളും പാലിക്കണം.
സൈനികതലത്തില്‍ വെല്ലുവിളിയായി വളരുന്ന ചൈനയെ നേരിടാനുള്ള വിവിധ സഖ്യങ്ങളില്‍ ഓസ്‌ട്രേലിയ അംഗമാണ്. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സൈനിക വിപുലീകരണത്തെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള പ്രതിരോധ കരാറില്‍ ഒപ്പുവച്ചതിലൂടെ ഓസ്ട്രേലിയ യുകെയുമായും യുഎസുമായും ബന്ധം ശക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.