'കേരള മാര്‍ച്ച് ഫോര്‍ ലൈഫ്' ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

'കേരള മാര്‍ച്ച് ഫോര്‍ ലൈഫ്'  ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൊച്ചി: ഓഗസ്റ്റ് 10 ന് തൃശൂരില്‍ നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് - ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റര്‍ പ്രകാശനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലിമിസ് മാര്‍ ബസേലിയോസ് കാതോലിക്ക ബാവ നിര്‍വഹിച്ചു. മനുഷ്യ ജീവന്റെ സംരക്ഷണത്തിനായി മുഴുവന്‍ മനുഷ്യരും പ്രസ്ഥാനങ്ങളും പരിപാടിയില്‍ പങ്കാളികളാകണമെന്ന് അദേഹം പറഞ്ഞു.

കേരള മാര്‍ച്ച് ഫോര്‍ ലൈഫ് ജൂലൈ രണ്ടിന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ആരംഭിക്കും. 14 ജില്ലകളിലെ 32 രൂപതകളിലൂടെ സഞ്ചരിക്കുന്ന ജീവ സംരക്ഷണ സന്ദേശ യാത്ര മുന്നോറോളം കേന്ദ്രങ്ങളില്‍ പ്രോ ലൈഫ് യോഗങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാര്‍ച്ച് ഫോര്‍ ലൈഫും നടക്കും.

കെസിബിസി പ്രോ ലൈഫ് സമിതി നേതൃത്വം നല്‍കുന്ന യാത്രയില്‍ ആനിമേറ്റര്‍മാരായ സാബു ജോസ്, ജോര്‍ജ് എഫ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജസ്ലിന്‍ ജോ, ആന്റണി പത്രോസ്, ഡോ. ഫ്രാന്‍സിസ് ജെ ആറാടന്‍, സെമിലി സുനില്‍, യുഗേഷ് പുളിക്കന്‍, നോബര്‍ട്ട് കക്കാരിയില്‍ തുടങ്ങിയവരും സംസാരിക്കും.

മജീഷ്യന്‍ ജോയ്‌സ് മുക്കുടത്തിന്റെ പ്രോലൈഫ് മാജിക് ഷോയും ജീവ സംരക്ഷണത്തിനായുള്ള ഒപ്പു ശേഖരണവും ഉണ്ടായിരിക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫിനെ തുടര്‍ന്ന് ജീവനെതിരെയുള്ള നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറുന്നതിനായി അതത് ജില്ലാ കളക്ടര്‍മാര്‍ക്കും സമര്‍പ്പിക്കും.

യാത്രയുടെ പോസ്റ്റര്‍ പ്രകാശനവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കര്‍ദിനാള്‍ ക്ലിമിസ് മാര്‍ ബസേലിയോസ് ബാവ, കെസിബിസി പ്രൊ ലൈഫ് സമിതി ചെയര്‍മാര്‍ ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ്പ് യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ് ബാവ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പള്ളി, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍ പറമ്പില്‍, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍ സാബു ജോസ്, കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.