വരാണസിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും മോഡിക്ക് വോട്ട് കുറഞ്ഞു; അടിച്ചു കയറി അജയ് റായ്

വരാണസിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും മോഡിക്ക് വോട്ട് കുറഞ്ഞു; അടിച്ചു കയറി അജയ് റായ്

വരാണസി: വരാണസി മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സാധിച്ചെങ്കിലും ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലും മോഡിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു.

റൊഹാനിയ, സേവാപുരി, വരാണസി നോര്‍ത്ത്, വരാണസി സൗത്ത്, വരാണസി കാന്റ് എന്നിങ്ങനെ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് വരാണസി ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. എല്ലാം എന്‍ഡിഎ മണ്ഡലങ്ങള്‍. റൊഹാനിയ അപ്നാ ദളിന്റേയും ബാക്കിയെല്ലാം ബിജെപിയുടേയും കൈവശം.

2011 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഏകദേശം 70 ശതമാനം ഗ്രാമീണരും 13 ശതമാനം ദളിതരും ഉള്ള റൊഹാനിയയില്‍ 2019 ല്‍ 1,45,379 വോട്ടുകളാണ് മോഡി നേടിയത്. എന്നാല്‍ ഇത്തവണ വോട്ട് 1,27,508 ആയി കുറഞ്ഞു.

2014 ല്‍ 12,981 വോട്ടും 2019 ല്‍ 17,799 വോട്ടും നേടിയ അജയ് റായ് ഇത്തവണ തന്റെ വോട്ട് വിഹിതം 1,01,225 ആയി ഉയര്‍ത്തി. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ എസ്.പി പിന്തുണയുണ്ടെങ്കിലും അജയ് റായിയുടെ മുന്നേറ്റം ഏറെ ശ്രദ്ധേയമാണ്.

വരാണസി നോര്‍ത്ത് അസംബ്ലി മണ്ഡലത്തില്‍ 2019 ല്‍ 1,39,279 വോട്ടായിരുന്നു മോഡിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 1,31,241 വോട്ടായി കുറഞ്ഞു. 2019 ലെ 39,173 വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ 1,01,731 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസാണ് ഇത്തവണ ഇവിടേയും നേട്ടമുണ്ടാക്കിയത്.

വരാണസി സൗത്തില്‍ 2019 ലെ 1,04,982 വോട്ടില്‍ നിന്ന് 97,878 വോട്ടിലേക്ക് ഇത്തവണ മോഡി താഴ്ന്നു. 2019 ല്‍ എസ്.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് യഥാക്രമം 19,298, 45,299 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണ സഖ്യമായി മത്സരിച്ചപ്പോള്‍ അത് 81,738 വോട്ടുകളായി ഉയര്‍ന്നു 2019 ല്‍ ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടിനേക്കാള്‍ 17141 വോട്ടുകളുടെ കൂടുതല്‍.

14.68 ശതമാനം ദളിത് വോട്ടുകളുള്ള സേവാപുരി 90 ശതമാനം ഗ്രാമീണ അസംബ്ലി മണ്ഡലമാണ്. 20000 ത്തിലധികം വോട്ടുകളുടെ കുറവാണ് മോഡിക്ക് ഇവിടെയുണ്ടായത്. 2019 ല്‍ സേവാപുരിയില്‍ 8685 വോട്ടുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ് ഇത്തവണ അത് 86,751 വോട്ടായി ഉയര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 59,936 വോട്ടുകളായി എസ്.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

അര്‍ബന്‍ നിയോജക മണ്ഡലമായ വരാണസി കാന്റില്‍ കോണ്‍ഗ്രസ് 2019 ലെ 41,500 വോട്ടില്‍ നിന്ന് 86,751 ആയി വോട്ട് നില ഉയര്‍ത്തി. കഴിഞ്ഞ തവണ 1,45,922 വോട്ട് നേടിയ മോഡിക്ക് ഇവിടെയും 9891 വോട്ടിന്റെ കുറവുണ്ടായി. ഫലത്തില്‍ വരാണസിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പ്രധാനമന്ത്രിക്ക് വോട്ട് കുറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.