കര്‍ഷക വിരുദ്ധ പ്രസ്താവന: കങ്കണയ്ക്ക് കരണത്തടി; സിഐഎസ്എഫ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു

 കര്‍ഷക വിരുദ്ധ പ്രസ്താവന: കങ്കണയ്ക്ക് കരണത്തടി; സിഐഎസ്എഫ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ നിയുക്ത എംപിയും ബോളിവുഡ് നടിയുമായ കങ്കണ റനൗട്ടിന് കരണത്ത് അടിയേറ്റ സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ കങ്കണയെ മുഖത്തടിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

സംഭവത്തില്‍ ഡല്‍ഹി സിഐഎസ്എഫ് ആസ്ഥാനത്ത് ഉന്നത തല യോഗം ചേര്‍ന്നു. ഇതിനിടെ ആരോപണ വിധേയയായ ഉദ്യോഗസ്ഥയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 2020-21ല്‍ കര്‍ഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപക്ക് വിലക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്ന് കുല്‍വീന്ദര്‍ കൗര്‍ പറയുന്നത് വീഡിയോയില്‍ കാണാം.

കങ്കണ ഇത് പറയുമ്പോള്‍ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുല്‍വീന്ദര്‍ പറയുന്നുണ്ട്. 100 രൂപ കൊടുത്താല്‍ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. 2020 ഡിസംബറില്‍ 100 രൂപ കൊടുത്താല്‍ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ തയ്യാറാണെന്ന് കങ്കണ നടത്തിയ പ്രസ്താവനയില്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നും കുല്‍വീന്ദര്‍ പറയുന്നു.

കുല്‍വീന്ദര്‍ കൗറിന്റെ സഹോദരനും കര്‍ഷകനാണ്. കര്‍ഷകരെ ഖലിസ്ഥാനി തീവ്രവാദികളെന്ന് വിളിച്ചതില്‍ പ്രതിഷേധിച്ചാണ് കങ്കണയെ മുഖത്തടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുല്‍വീന്ദര്‍ കൗറിനെതിരെ നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



ഇതിനിടെ സംഭവത്തില്‍ പ്രതികരിച്ച് കങ്കണ റനൗട്ട് എക്സില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. താന്‍ സുരക്ഷിതയാണെന്നും പൂര്‍ണമായും സുഖമായിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

'സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍, രണ്ടാമത്തെ ക്യാബിനിലെ ഒരു സിഐഎസ്എഫ് സെക്യൂരിറ്റി സ്റ്റാഫ് എന്റെ മുഖത്ത് അടിച്ചു. അധിക്ഷേപ വാക്കുകള്‍ പറയാന്‍ തുടങ്ങി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ കര്‍ഷക സമരത്തെ പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി. പഞ്ചാബില്‍ വര്‍ധിച്ചു വരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ടെന്നും കങ്കണ പറയുന്നു.

ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.