ഓസ്ട്രേലിയന്‍ വിപണിയില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന പ്രിയം കൂടുന്നു; ടെസ്‌ലയുടെ വില്‍പന ഇടിഞ്ഞു

ഓസ്ട്രേലിയന്‍ വിപണിയില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന പ്രിയം കൂടുന്നു; ടെസ്‌ലയുടെ വില്‍പന ഇടിഞ്ഞു

സിഡ്‌നി: ഓസ്ട്രേലിയന്‍ വാഹന വിപണിയില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിക്കുന്നു. മെയ് മാസത്തില്‍ റെക്കോര്‍ഡ് വില്‍പനയാണ് രേഖപ്പെടുത്തിയത്. ഫെഡറല്‍ ചേംബര്‍ ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് പുറത്തിറക്കിയ മെയ് മാസത്തെ കാര്‍ വില്‍പ്പനയുടെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

ഓസ്ട്രേലിയയില്‍ പുതുതായി വാങ്ങുന്ന കാറുകളില്‍ നാലില്‍ ഒന്ന് കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ വാഹനമാണ്. ഇന്ധനച്ചെലവ് കുറയ്ക്കുകയെന്ന ഉപയോക്താവിന്റെ ലക്ഷ്യത്തിനൊപ്പം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ചുരുക്കുകയെന്ന ഫെഡറല്‍ സര്‍ക്കാരിന്റെ ലക്ഷ്യത്തെയും സഹായിക്കുന്നതാണ് പുതിയ കണക്കുകള്‍.

അതേസമയം, വലിയ വാഹനങ്ങളോടുള്ള ഓസ്ട്രേലിയന്‍ പൗരന്മാരുടെ പ്രിയം ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വില്‍പനയില്‍ എസ്യുവികള്‍ ആധിപത്യം പുലര്‍ത്തുന്നു. യൂട്ടുകളുടെ വില്‍പ്പനയും വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

2024-ല്‍ ഹൈബ്രിഡ് വാഹനങ്ങളുടെ ജനപ്രീതി ഇരട്ടിയിലേറെയായി കണക്കുകള്‍ പറയുന്നു. 2023 മേയില്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പന 7.9 ശതമാനമായിരുന്നെങ്കില്‍ ഈ വര്‍ഷം മെയ് മാസത്തില്‍ അതു 15.8 ശതമാനമായി ഉയര്‍ന്നു. 66,000-ത്തിലധികം ഹൈബ്രിഡ് കാറുകളാണ് ഈ കാലയളവില്‍ വില്‍പന നടത്തിയത്. 2023-ല്‍ ഇതേ സമയം 30,000-ത്തില്‍ താഴെ മാത്രമാണ് വിറ്റഴിച്ചത്.

മെയ് മാസത്തില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയും ഉയര്‍ന്നു. മെയില്‍ 8,900-ലധികം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു. മൊത്തം കാര്‍ വില്‍പനയുടെ 8.1 ശതമാനം വരുമിത്. ഈ വര്‍ഷം ആദ്യത്തെ അഞ്ച് മാസങ്ങളില്‍ 40,000-ലധികം പുതിയ ഇലക്ട്രിക് വാഹനളാണ് നിരത്തിലിറങ്ങിയത്.

മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് വാഹനങ്ങളില്‍ മൂന്നെണ്ണം യുട്ടാണ്. യുട്ടുകളുടെ പട്ടികയില്‍ ഫോര്‍ഡിന്റെ റേഞ്ചറാണ് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തില്‍ ഫോര്‍ഡിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പിക്കപ്പുകളില്‍ ഒന്നാണ് റേഞ്ചര്‍. രണ്ടാമത് ടൊയോട്ടയുടെ ഹൈലക്സ്, നാലാം സ്ഥാനത്ത് ഇസുസുവിന്റെ ഡി-മാക്സ് യൂട്ടുമാണ്.

അതേസമയം, ഇലക്ട്രിക് കാറുകളുടെ വിപണിയില്‍ മുന്‍നിരയിലുള്ള ടെസ്ലയുടെ കാര്‍ വില്‍പ്പന കഴിഞ്ഞ മാസം ഇടിഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു. മെയ് മാസത്തില്‍ 3,567 വാഹനങ്ങളാണ് ടെസ്ല വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ സമയത്ത് 4,476 ആയിരുന്നു വില്‍പന.

ടെസ്ലയുടെ പ്രധാന ഇലക്ട്രിക് വാഹന എതിരാളിയായ ചൈനീസ് കമ്പനി  BYD യുടെ വില്‍പ്പന ഉയര്‍ന്നു. ചൈനീസ് കമ്പനിക്ക് ഈ മാസം 1,914 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32% വര്‍ധന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26