ചരിത്ര വിജയം; ടി- ട്വന്റി ലോകകപ്പിൽ പാകിസ്ഥാനെ വീഴ്ത്തി അമേരിക്കൻ അട്ടിമറി

ചരിത്ര വിജയം; ടി- ട്വന്റി ലോകകപ്പിൽ പാകിസ്ഥാനെ വീഴ്ത്തി അമേരിക്കൻ അട്ടിമറി

കാലിഫോർണിയ: ടി20 ലോകകപ്പിൽ അട്ടിമറി ജയം സ്വന്തമാക്കി അമേരിക്ക. സൂപ്പർ ഓവറിൽ പാകിസ്ഥാനെ അഞ്ച് റൺസിന് തോൽപ്പിച്ചു. അമേരിക്കൻ ക്യാപ്റ്റൻ മൊനാങ്ക് പട്ടേലാണ് കളിയിലെ താരം.

സൂപ്പർ ഓവർ വരെ നീണ്ടുനിന്ന ത്രില്ലറിനൊടുവിലാണ് അമേരിക്ക തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. അമേരിക്കയുടെ ബൗളിങ് മികവിന് മുന്നില്‍ വിറയ്ക്കുന്ന പാക് ബാറ്റിങ് നിരയെയാണ് ഗ്രാന്റ് പ്രയർ സ്റ്റേഡിയത്തിലെ ആരാധകർ കണ്ടത്. 26 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ആദ്യ 10 ഓവറില്‍ നേടിയത് വെറും അഞ്ച് ബൗണ്ടറികൾ മാത്രമാണ്.

പാക് ബാറ്റിങ് വളരെ ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയ്‌ക്കെതിരായ പ്രകടനം. മുൻനിര ബാറ്റർമാരെല്ലാം അമേരിക്കൻ ബൗളർമാർക്ക് മുന്നിൽ പതറി. പാക് ബാറ്റിങ് നിരയുടെ നട്ടെല്ലായ മുഹമ്മദ് റിസ്വാനും ഉസ്മാൻ ഖാനും ഫഖർ സമാനും റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. മധ്യ നിരയിൽ ഷദബ് ഖാൻ പുറത്തെടുത്ത പ്രകടനമാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കയ്ക്ക് മികച്ച തുടക്കമാണ് ക്യാപ്റ്റൻ മോനാങ്ക് പട്ടേൽ നൽകിയത്. അർധ സെഞ്ചുറി നേടി ക്യാപ്റ്റൻ ക്രീസിൽ നിലയുറപ്പിച്ചു. ആൻഡ്രിയാസ് ഗൗസും ആരോൺ ജോൺസും അമേരിക്കയെ അനായാസം വിജയത്തിലേക്കടുക്കുമെന്ന് തോന്നിപ്പിച്ചു.

എന്നാൽ അവസാന ഓവറുകളിൽ ഉത്തരവാദിത്വത്തോടെ പന്തെറിഞ്ഞ പാക് ബൗളിങ് നിര മത്സരം സൂപ്പർ ഓവറിലേക്കെത്തിച്ചു. സൂപ്പർ ഓവറിൽ കളി പിടിക്കാൻ മുഹമ്മദ് അമീറിനെ പന്തേൽപ്പിച്ച പാകിസ്താന്റെ കണക്ക് കൂട്ടലുകൾ തെറ്റി. അമീർ വഴങ്ങിയത് പതിനെട്ട് റൺസാണ്. 19 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാന്റെ ഇന്നിങ്ങ്സ് അഞ്ച് റൺസ് അകലെ അവസാനിച്ചു. അതോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് അമേരിക്ക തിരക്കഥയെഴുതിയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.