ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി; മുംബൈ സിറ്റിയോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി; മുംബൈ സിറ്റിയോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി. മുംബെെ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽവിക്ക് വഴങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്‌ത ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിലും രണ്ട് ഗോളുകൾക്ക് ലീഡ് ചെയ്‌ത ശേഷമാണ് മഞ്ഞപ്പട തോറ്റത്.

ഇതോടെ, ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്‌എൽ പ്ലേ ഓഫ് പ്രവേശന സാധ്യത ഏറെക്കുറെ അസ്‌തമിച്ചു. ഇരു ടീമുകളും ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും 27-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. സഹല്‍ അബ്‌ദുൾ സമദിന്റെ കൃത്യതയോടെയുള്ള കോര്‍ണർ വിസന്റെ ഗോമസ് ഹെഡറിലൂടെ വലയിലെത്തിച്ചു. ഇതോടെ കേരളം 1-0 ത്തിന് ലീഡ് സ്വന്തമാക്കി. ആദ്യ പകുതിയിൽ പിന്നെയും കേരളം അവസരങ്ങൾ സൃഷ്‌ടിച്ചു.

രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി ഗംഭീര തിരിച്ചുവരവാണ് മുംബെെ നടത്തിയത്. രണ്ടാം പകുതി ആരംഭിച്ച് വെറും 25 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ മുംബൈ സമനില ഗോള്‍ കണ്ടെത്തി. ബിപിന്‍ സിങ്ങിന്റെ വകയായിരുന്നു മുംബെെയുടെ സമനില ഗോൾ. പിന്നീട്, 65-ാം മിനിറ്റിൽ ലെ ഫോണ്‍ഡ്രെയെ കോസ്റ്റ ബോക്‌സില്‍ വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ലെ ഫോണ്‍ഡ്രെ ലക്ഷ്യത്തിലെത്തിച്ചു.

സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴാം തോല്‍വിയാണിത്. മൂന്ന് ജയവും ആറു സമനിലയുമായി 15 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്ത് തുടരും. പത്താം ജയം കുറിച്ച മുംബൈ സിറ്റി എഫ്‌സി 33 പോയിന്റുമായി പോയിന്റ് ടേബിളിൾ തിരിച്ചു പിടിച്ചു. ഫെബ്രുവരി 11ന് ഒഡീഷ എഫ്‌സിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.