ന്യൂഡല്‍ഹി: പാര്‍ലമെന്ററി പാര്‍ട്ടിയുടെ ചെയര്‍പേഴ്സനെ (സിപിപി) തിരഞ്ഞെടുക്കാന്‍ ഇന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാ അംഗങ്ങളും രാജ്യസഭാ അംഗങ്ങളും അടങ്ങുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം കോണ്‍ഗ്രസ് വിളിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോണ്‍ഗ്രസ് ലോക്സഭാ എംപിമാര്‍ക്കും രാജ്യസഭാ അംഗങ്ങള്‍ക്കും ഇന്ന് വൈകുന്നേരം 5.30 ന് നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ഔദ്യോഗിക ക്ഷണം നല്‍കി.
ഡല്‍ഹി അശോക ഹോട്ടലിലാണ് യോഗം നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പടെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പതിനെട്ടാം ലോക്സഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും രാജ്യസഭാ അംഗങ്ങളും 2024 ജൂണ്‍ എട്ടിന് ശനിയാഴ്ച വൈകുന്നേരം 5.30 ന് പാര്‍ലമെന്റ് ഹൗസിലെ സെന്‍ട്രല്‍ ഹാളില്‍ ചെയര്‍പേഴ്സനെ തിരഞ്ഞെടുക്കുന്നതിനായി പാര്‍ലമെന്ററി പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ക്ഷണക്കത്തില്‍ പറയുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാ എംപിമാരും രാജ്യസഭാ അംഗങ്ങളും തങ്ങളുടെ സീറ്റുകളില്‍ കൃത്യസമയത്ത് ഇരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ചടങ്ങില്‍ ലോക്സഭാ എംപിമാരും രാജ്യസഭാ അംഗങ്ങളും ചേര്‍ന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന് ചര്‍ച്ച ചെയ്യും. 2019 ലെ തിരഞ്ഞെടുപ്പില്‍ 52 ല്‍ നിന്ന് 99 ആയി ഉയര്‍ന്ന് ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി കോണ്‍ഗ്രസ് ഉയര്‍ന്നു.
2014 ല്‍ അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസിന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുന്നത്. 2014 ലും 2019 ലും സഭയിലെ ആകെ സീറ്റുകളുടെ 10 ശതമാനത്തില്‍ താഴെ ആയിരുന്നതിനാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഈ സ്ഥാനം നേടുന്നതില്‍ പരാജയപ്പെട്ടു.
മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയിലെ പാര്‍ട്ടിയുടെയും പ്രതിപക്ഷത്തിന്റെയും നേതാവായി ചുമതലയേല്‍ക്കണമെന്ന് പല പാര്‍ട്ടി നേതാക്കളും ആഗ്രഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി വിജയിച്ചതിനാല്‍ അദേഹം ഏത് സീറ്റ് നിലനിര്‍ത്തും ഏത് സീറ്റ് ഒഴിയുമെന്നും 14 ദിവസത്തിനുള്ളില്‍ തീരുമാനിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് അദേഹം തീരുമാനം എടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.