ചന്ദ്രനെ വലം വച്ച് വിഖ്യാതമായ എര്‍ത്ത്റൈസ് ഫോട്ടോ പകര്‍ത്തിയ വില്യം ആന്‍ഡേഴ്സ് വിമാനാപകടത്തില്‍ മരിച്ചു

ചന്ദ്രനെ വലം വച്ച് വിഖ്യാതമായ എര്‍ത്ത്റൈസ് ഫോട്ടോ പകര്‍ത്തിയ വില്യം ആന്‍ഡേഴ്സ് വിമാനാപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ: അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗമായ ബഹിരാകാശ സഞ്ചാരി വില്യം ആന്‍ഡേഴ്സ് വിമാനാപകടത്തില്‍ മരിച്ചു. 90 വയസായിരുന്നു. വിഖ്യാതമായ എര്‍ത്ത്റൈസ് ഫോട്ടോ പകര്‍ത്തിയത് വില്യമാണ്.

അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ മേജര്‍ ജനറല്‍ കൂടിയായ വില്യം സ്വയം പറത്തിയ ചെറുവിമാനം വാഷിങ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. വില്യം ആന്‍ഡേഴ്സിന്റെ മകനാണ് പിതാവിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്. ഒരു പഴയ മോഡല്‍ വിമാനത്തിലായിരുന്നു വില്യം യാത്ര ചെയ്തിരുന്നത്. മുങ്ങല്‍ വിദഗ്ദര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന വില്യം ആന്‍ഡേഴ്സ് നാസയുടെ 1968ലെ അപ്പോളോ-8 ദൗത്യത്തിന്റെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

മനുഷ്യര്‍ ആദ്യമായി ഭൂമിയുടെ ആകര്‍ഷണ വലയം കടന്ന് യാത്ര ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. വില്യം ആന്‍ഡേഴ്സിനൊപ്പം ഫ്രാങ്ക് ബോര്‍മാനും ജയിംസ് ലോവലും ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യര്‍ എന്ന ചരിത്രം അന്ന് കുറിച്ചു. ഭൂമിയിലിറങ്ങാതെ 10 വട്ടമാണ് ഈ മൂവര്‍ സംഘം ചന്ദ്രനെ അതിന്റെ ഭ്രമണപഥത്തില്‍ വലംവെച്ചത്. മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8 ദൗത്യത്തിലൂടെയായിരുന്നു എന്ന സവിശേഷതയുമുണ്ട്.

1968ല്‍ ബഹിരാകാശത്ത് നിന്ന് വില്യം ആന്‍ഡേഴ്സ് നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയെ പകര്‍ത്തി. ഭൂമിയെ കുറിച്ചുള്ള ഏറ്റവും നിര്‍ണായക രൂപം ശാസ്ത്ര ലോകത്തിന് നല്‍കിയ ചിത്രമാണിത്. ചന്ദ്രനെ 10 വട്ടം വലംവെച്ചുള്ള അപ്പോളോ-8ന്റെ പര്യടനത്തിനിടെയായിരുന്നു ചിത്രം അദേഹം പകര്‍ത്തിയത്. ലോകത്തെ മാറ്റിമറിച്ച 100 ഫോട്ടോകളുടെ കൂട്ടത്തില്‍ വില്യം ആന്‍ഡേഴ്സിന്റെ എര്‍ത്ത്റൈസ് ഫോട്ടോ ലൈഫ് മാഗസിന്‍ അടയാളപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിന്റെ ഒറിജിനല്‍ പ്രിന്റ് 2022ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ലേലത്തില്‍ 11,800 യൂറോയ്ക്കാണ് (10,65,749 രൂപ) വിറ്റുപോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.