പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍ കാനഡ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം: വീഡിയോ

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍ കാനഡ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം: വീഡിയോ

ടൊറന്റോ: പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം. കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിനാണ് തീപിടിച്ചത്. പാരീസിലേക്ക് പുറപ്പെട്ട എയര്‍ കാനഡയുടെ ബോയിങ് 777 വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീപിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8:46 ന് വിമാനം പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കകം 9:50 ന് തിരിച്ചിറങ്ങി.

389 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം വന്‍ അപകടം ഒഴിവായി. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോള്‍, വലത് എന്‍ജിനില്‍ നിന്ന് സ്ഫോടന സാധ്യത പോലെ തീപ്പൊരി ഉണ്ടായത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എ.ടി.സി)യില്‍ കാണുകയും ഉടന്‍ തന്നെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു.

വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചതിന്റെ വീഡിയോ ബഹിരാകാശയാത്രികന്‍ ക്രിസ് ഹാഡ്ഫീല്‍ഡ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും മികച്ച പ്രവര്‍ത്തനമെന്നും അദ്ദേഹം കുറിച്ചു.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, എടിസിയുമായി പൈലറ്റിന്റെ ആശയവിനിമയത്തിന്റെ റെക്കോര്‍ഡിങ്ങും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പുകയും തീയും പടരുന്നതായി എയര്‍ കാനഡ പൈലറ്റുമാര്‍ അറിയിച്ചപ്പോള്‍ വിമാനം നിലത്ത് നിന്ന് 1000 അടി ഉയരത്തിലായിരുന്നുവെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് പൈലറ്റുമാര്‍ വിമാനം വിദഗ്ധമായി തിരിച്ച് ടൊറന്റോയിലേക്ക് മടങ്ങി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതോടെ വന്‍ അപകടം ഒഴിവായി.

അപകടത്തില്‍പ്പെട്ട വിമാനത്തിന് ഇറങ്ങാന്‍ എ.ടി.സി റണ്‍വേ 23 ഒഴിപ്പിക്കുകയും സഹായത്തിനായി അഗ്നിശമന വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കംപ്രസര്‍ നിലച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് എയര്‍ കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. വൈകുന്നേരം തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും എയര്‍ കാനഡ അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ ടൊറന്റോ പിയേഴ്സണ്‍ എയര്‍പോര്‍ട്ടില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് 27 ന്, ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എഞ്ചിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വഴിതിരിച്ച് വിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.