ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള യുവരാജ് ഗോയല്‍(28) ആണ് കൊല്ലപ്പെട്ടത്. 2019 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവരാജിന് കാനഡയില്‍ പെര്‍മനെന്റ് റസിഡന്റ്(പിആര്‍) ലഭിച്ചിരുന്നു. യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു യുവരാജ്. വെള്ളിയാഴ്ച രാവിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വെച്ചാണ് യുവരാജിന് വെടിയേറ്റത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ യുവരാജിനെ കണ്ടെത്തുകയായിരുന്നു. യുവരാജിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും കൊലപാതകത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിച്ചതായും റോയല്‍ കനേഡിയന്‍ പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മന്‍വീര്‍ ബസ്റാം(23), സാഹിബ് ബസ്ര(20), ഹര്‍കിരാത് ജൂട്ടി(23), കെയ്ലോണ്‍ ഫ്രാങ്കോയിസ്(20) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിന് തൊട്ടുമുമ്പ് നാട്ടിലുള്ള അമ്മയുമായി യുവരാജ് സംസാരിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബി.കോം പൂര്‍ത്തിയാക്കിയശേഷം 2019-ല്‍ സ്റ്റുഡന്റ് വിസയിലാണ് യുവരാജ് കാനഡയിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.