ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റും സംഘവും സഞ്ചരിച്ച സൈനിക വിമാനം കാണാതായി

ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റും സംഘവും സഞ്ചരിച്ച സൈനിക വിമാനം കാണാതായി

ലിലോങ്വെ: തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സഞ്ചരിച്ച സൈനിക വിമാനം കാണാതായി. വൈസ് പ്രസിഡന്റ് സലോസ് ക്ലോസ് ചിലിമയും മറ്റ് ഒന്‍പത് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ നടന്നുവരികയാണ്.

മലാവി തലസ്ഥാനമായ ലിലോങ്വെയില്‍ നിന്ന് രാവിലെ 9.15നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. 45 മിനിറ്റ് യാത്ര ചെയ്യേണ്ട സുസുവിലേയ്ക്കായിരുന്നു വിമാനം പറന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനായില്ല. തിരികെ പറക്കുന്നതിനിടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് മലാവി ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന റാല്‍ഫ് കസംബാരയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പുറപ്പെട്ടതായിരുന്നു സംഘം. വൈസ് പ്രസിഡന്റിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാര്‍ട്ടിയായ യുണൈറ്റഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മൂവ്മെന്റിലെ നേതാക്കളും അടക്കമുള്ളവര്‍ കാണാതായ വിമാനത്തിലുണ്ട്. മലാവിയുടെ മുന്‍ പ്രഥമ വനിത ഷാനില്‍ ഡിസിംബിരിയും വിമാനത്തിലുണ്ടായിരുന്നു.

രക്ഷാദൗത്യം പുരോഗമിക്കുന്നതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. രക്ഷാദൗത്യത്തില്‍ അമേരിക്ക, ബ്രിട്ടന്‍, നോര്‍വെ, ഇസ്രയേല്‍ സര്‍ക്കാരുകളോട് മലാവി സഹായം അഭ്യര്‍ഥിച്ചു. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് 51കാരനായ ചിലിമയെയാണ്.

സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ ചിലിമ 2020ലാണ് രണ്ടാം തവണയും വൈസ് പ്രസിഡന്റായത്. 2014-2019 കാലയളവിലും അദ്ദേഹം പദവി വഹിച്ചിരുന്നു. വിവിധ മന്ത്രിസ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് സലോസ് ചിലിമ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.