നൈജീരിയയില്‍ ക്രൈസ്തവ പീഡനം ആശങ്കജനകമാം വിധം വര്‍ധിക്കുന്നു; വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ ക്രൈസ്തവ പീഡനം ആശങ്കജനകമാം വിധം വര്‍ധിക്കുന്നു; വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിലെ കടുന അതിരൂപതയിലെ സെന്റ് തോമസ് സമാന്‍ ദബോ ഇടവകയുടെ റെക്ടറിയില്‍നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോയി.  കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് അക്രമികള്‍ ഫാ. ഗബ്രിയേല്‍ ഉകെയെ തട്ടിക്കൊണ്ടുപോയത്. നൈജീരിയയില്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അതില്‍ ഏറ്റവും പുതിയ സംഭവമാണിത്.

അതിരൂപതയുടെ ചാന്‍സലര്‍ ഫാ. ഇമ്മാനുവല്‍ ഫാവേ കസാഖ്, രാജ്യത്ത് വൈദികരെ തട്ടിക്കൊണ്ടുപോകുന്ന വ്യാപകമായ സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ നൈജീരിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. 'ഫാ. ഗബ്രിയേലിന്റെ സുരക്ഷിതമായ മോചനത്തിനായി ഞങ്ങള്‍ പ്രാര്‍ഥന അഭ്യര്‍ഥിക്കുന്നു. ഞങ്ങളുടെ സമൂഹത്തിലെ നിരപരാധികളായ പൗരന്മാര്‍ മോചനദ്രവ്യത്തിനു വേണ്ടി നിരന്തരമായി വേട്ടയാടപ്പെടുന്നു. ഈ നടപടിയെ ഞങ്ങള്‍ അപലപിക്കുന്നു; ഒപ്പം സുരക്ഷ ഒരുക്കാനും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു' - ചാന്‍സലര്‍ പറഞ്ഞു.

വിശ്വാസികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകല്‍, കൊലപാതകങ്ങള്‍ എന്നിവ നൈജീരിയയില്‍ പതിവായി മാറുകയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ബോക്കോ ഹറാമിന്റെ വളര്‍ച്ച രാജ്യത്തെ ക്രൈസ്തവര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ മെയ് 21ന് യോല രൂപതയിലെ വൈദികനായ ഫാ. ഒലിവര്‍ ബൂബയെ തട്ടിക്കൊണ്ടുപോയി പിന്നീട് വിട്ടയച്ചിരുന്നു. മെയ് 15 ന്, ഒനിറ്റ്ഷ അതിരൂപതാ വൈദികന്‍ ഫാ. ബേസില്‍ ഗ്ബുസുവോയെ തട്ടിക്കൊണ്ടുപോയ ശേഷം വിട്ടയച്ചു.

ലോകത്ത് ക്രിസ്തീയ പീഡനം ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. രാജ്യത്ത് ഈ വര്‍ഷം പത്ത് വൈദികരെയാണ് തട്ടിക്കൊണ്ടുപോയത്. 2019 മുതല്‍ 17,000-ത്തിലധികം നൈജീരിയക്കാരെ (ഭൂരിഭാഗവും ക്രിസ്ത്യാനികള്‍) തട്ടിക്കൊണ്ടുപോയതായി സിവില്‍ സൊസൈറ്റി ജോയിന്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ കണക്കുകള്‍ പറയുന്നു.

മോചനദ്രവ്യം എന്ന ലക്ഷ്യത്തോടെയോ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലോ ആണ് തട്ടിക്കൊണ്ടുപോകലുകള്‍ നടക്കുന്നത്. ദിനംപ്രതി ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുന്നതിനാല്‍ വാര്‍ത്താപ്രാധാന്യം പോലും ലഭിക്കുന്നില്ല. നൈജീരിയയില്‍ 40 ശതമാനത്തിലേറെ ക്രിസ്ത്യാനികളാണെങ്കിലും അവര്‍ക്കെതിരെ ആക്രമണം വളരെ കൂടുതലാണ്.

കഴിഞ്ഞ വര്‍ഷം കൊള്ളക്കാര്‍ തീകൊളുത്തി കൊലപ്പെടുത്തിയ ഫാ. ഐസക്ക് ആച്ചി എന്ന നൈജീരിയന്‍ വൈദികന് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.