ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും പുതിയ ഭീഷണി; ശ്വാസകോശത്തെ ബാധിക്കുന്ന 'സൂപ്പര്‍ ബഗി'ന്റെ സാന്നിധ്യം കണ്ടെത്തി

ബഹിരാകാശത്ത് സുനിതയ്ക്കും സംഘത്തിനും പുതിയ ഭീഷണി; ശ്വാസകോശത്തെ ബാധിക്കുന്ന 'സൂപ്പര്‍ ബഗി'ന്റെ സാന്നിധ്യം കണ്ടെത്തി

കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ദിവസം എത്തിയ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അടക്കമുള്ള സംഘത്തിന് ഭീഷണിയായി 'സൂപ്പര്‍ ബഗ്'. ബഹിരാകാശ നിലയത്തിലെ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യമാണ് ആശങ്ക സൃഷ്ടിക്കുന്നത്.

ആന്റി മൈക്രോബിയല്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടര്‍ ബുഗന്‍ഡന്‍സിസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഒന്നാണിത്. മരുന്നുകളോട് പ്രതിരോധശേഷി നേടിയ അപകടകാരികളായ ഇത്തരം ബാക്ടീരിയകളെ 'സൂപ്പര്‍ ബഗ്' എന്നാണ് വിളിക്കുന്നത്.

എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടച്ചുപൂട്ടിയ അന്തരീക്ഷത്തില്‍ ജനിതകമാറ്റത്തിലൂടെ കൂടുതല്‍ ശക്തിയാര്‍ജിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. കലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ. കസ്തൂരി വെങ്കിടേശ്വരനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

24 വര്‍ഷത്തിനുള്ളില്‍ പലപ്പോഴായി നിലയത്തില്‍ എത്തിയ ബഹിരാകാശ യാത്രികരില്‍ക്കൂടിയാണ് ബാക്ടീരിയ എത്തപ്പെട്ടതെന്നാണ് വിലയിരുത്തല്‍. പിന്നീട് മാലിന്യങ്ങളുടെ സാന്നിധ്യത്തില്‍ ബാക്ടീരിയ ശക്തിപ്പെട്ടിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തി.

സുനിതാ വില്യംസും സഹയാത്രികന്‍ ബാരി യൂജിന്‍ ബുച്ച് വില്‍മോറും ജൂണ്‍ ആറിനാണ് പുതിയ ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയത്. സുനിതാ അടങ്ങിയ ടീമാണ് പേടകം രൂപകല്‍പന ചെയ്തത്. നിലയത്തിലുള്ള മറ്റ് ഏഴു പേര്‍ ദീര്‍ഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ സുനിതയ്ക്കും വില്‍മോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ.

ഇരുപത്തിനാലു വര്‍ഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ബാക്ടീരിയകള്‍ ഇതേ ഗണത്തില്‍പെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാള്‍ ഏറെ അപകടകാരികളാണ്. നിലയത്തില്‍ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷി ഭൂമിയിലേതില്‍നിന്നു വ്യത്യസ്തമായതിനാല്‍ ഭൂമിയിലെ ചികിത്സാ രീതികള്‍ എത്രത്തോളം ഫലപ്രദമാകുമെന്നും പറയാനാവില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.