ജനുവരിയിലും ഫെബ്രുവരിയിലും പ്രവേശനം: സര്‍വകലാശാലാ പ്രവേശനം ഇനി വര്‍ഷത്തില്‍ രണ്ട് തവണ

 ജനുവരിയിലും ഫെബ്രുവരിയിലും പ്രവേശനം: സര്‍വകലാശാലാ പ്രവേശനം ഇനി വര്‍ഷത്തില്‍ രണ്ട് തവണ

ന്യൂഡല്‍ഹി: സര്‍വകലാശാലാ പ്രവേശനം ഇനി വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാന്‍ അനുമതി. 2024-25 അധ്യയന വര്‍ഷം മുതല്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാന്‍ അനുമതി നല്‍കിയതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി) അറിയിച്ചു. നിലവില്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ആരംഭിക്കുന്ന പ്രവേശന നടപടികള്‍ക്ക് പുറമേ ജനുവരിയിലും ഫെബ്രുവരിയിലും പ്രവേശനം നല്‍കും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള മാതൃക പിന്തുടരുകയാണ് ലക്ഷ്യമിടുന്നതെന്ന് യു.ജി.സി അധ്യക്ഷന്‍ എം. ജഗദീഷ് കുമാര്‍ പറഞ്ഞു. അതേസമയം പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം വിദ്യാഭ്യാസ സ്ഥാപനത്തിന്റേതാണ്. അടിസ്ഥാന സൗകര്യവും അധ്യാപകരുടെ സേവനവും അതത് സര്‍വകലാശാലയും സ്ഥാപനവും ഉറപ്പാക്കണമെന്നും യു.ജി.സി അറിയിച്ചു.

ഓപ്പണ്‍, വിദൂര വിദ്യാഭ്യാസം, ഓണ്‍ലൈന്‍ ബിരുദ ബിരുദാനന്തര കോഴ്സുകളിലാണ് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനമെന്ന ആശയം യു.ജി.സി ആദ്യമായി നടപ്പാക്കിയത്. ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് റെഗുലര്‍ പ്രവേശനങ്ങളും രണ്ട് തവണ ആക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്.

അതേസമയം പ്രവേശനം സംബന്ധിച്ച ഔദ്യോഗികവിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല. നിലവില്‍ ദേശീയ ബിരുദ പൊതുപരീക്ഷയുടെ (സി.യു.ഇ.ടി) അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍വകലാശാലകളിലെയും ഏതാനും സംസ്ഥാന സര്‍വകലാശാലകളിലെയും ബിരുദ, ബിരുദാനന്തര പ്രവേശനം. പുതിയ പരിഷ്‌കാരം മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാക്കുമോ എന്നതില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വിവിധ ബോര്‍ഡുകളുടെ ഫലപ്രഖ്യാപനം വൈകല്‍, വിദ്യാര്‍ഥികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ വര്‍ഷത്തിലൊരിക്കലുള്ള പ്രവേശനം പലരുടെയും മുടങ്ങാറുണ്ട്. ഇത് ഒഴിവാക്കാനാണ് രണ്ട് തവണ പ്രവേശനം അനുവദിക്കുന്നത്. ആദ്യഘട്ട പ്രവേശന നടപടികളില്‍ ഭാഗമാകാന്‍ കഴിയാത്തവര്‍ക്ക് ഒരു വര്‍ഷം കളയേണ്ടതില്ല. ഇത് പഠനത്തിലുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധ ഉറപ്പാക്കും.

പുതിയ പരിഷ്‌കാരം ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവേശനം നേടുന്നവരുടെ എണ്ണം വര്‍ധിപ്പിക്കും. അധ്യാപകര്‍, ലാബുകള്‍, ക്ലാസ് മുറികള്‍ തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാകും. ഇന്ത്യയെ ഉന്നതവിദ്യാഭ്യാസത്തിനുള്ള ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന് സഹായിക്കുമെന്നും യു.ജി.സി വ്യക്തമാക്കുന്നു. അതുപോലെ തന്നെ കാംപസ് റിക്രൂട്ട്‌മെന്റുകളും വര്‍ഷത്തില്‍ രണ്ട് തവണ നടത്താനാകും. ഇത് ബിരുദധാരികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.