താങ്ങാനാകാത്ത ജീവിതച്ചെലവ്; ന്യൂസിലന്‍ഡ് വിട്ട് ഓസ്ട്രേലിയയിലേക്കു ചേക്കേറുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

താങ്ങാനാകാത്ത ജീവിതച്ചെലവ്; ന്യൂസിലന്‍ഡ് വിട്ട് ഓസ്ട്രേലിയയിലേക്കു ചേക്കേറുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

സിഡ്‌നി: ന്യൂസിലന്‍ഡില്‍ ജീവിതച്ചെലവ് താങ്ങാനാകാത്ത വിധം വര്‍ധിച്ചതോടെ ഓസ്ട്രേലിയയിലേക്കു ചേക്കേറുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. ഉയര്‍ന്ന വേതനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും തേടിയാണ് വലിയൊരു വിഭാഗം ഓസ്ട്രേലിയയിലേക്ക് പോകുന്നത്. സമീപകാലത്തായി ന്യൂസിലന്‍ഡ് വിടുന്ന പൗരന്മാരുടെ എണ്ണം റെക്കോര്‍ഡ് സംഖ്യയിലെത്തിയതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസിലന്‍ഡിന്റെ രാജ്യാന്തര കുടിയേറ്റ കണക്കുകള്‍ പറയുന്നത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ 130,600 പേര്‍ ന്യൂസിലന്‍ഡ് വിട്ട് ഓസ്‌ട്രേലിയയിലേക്കു കുടിയേറി. അതില്‍ 81,200 പേര്‍ ന്യൂസിലന്‍ഡ് പൗരന്മാരാണ്. മുന്‍വര്‍ഷത്തേക്കാള്‍ 41 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

അതേസമയം, ഈ കാലയളവില്‍ 24,800 പൗരന്മാര്‍ ന്യൂസിലന്‍ഡിലേക്ക് തിരിച്ചെത്തിയതിനാല്‍ കുടിയേറ്റ നഷ്ടം 56,500 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സമീപകാലത്തായി കുത്തനെ വര്‍ധിച്ച ജീവിതച്ചെലവും ഭവന പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് യുവ പ്രൊഫഷണലുകളെ ന്യൂസിലന്‍ഡ് വിടാന്‍ പ്രേരിപ്പിക്കുന്നത്. സ്‌കൂളും ഉന്നത വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശേഷം ധാരാളം ന്യൂസിലന്‍ഡുകാര്‍ സ്വന്തം നാടു വിട്ടു പോകുന്ന പ്രവണത പതിവായിക്കഴിഞ്ഞു. ന്യൂസിലന്‍ഡിനെ അപേക്ഷിച്ച് ഓസ്ട്രേലിയന്‍ തൊഴിലുടമകള്‍ ഉയര്‍ന്ന വേതനവും മികച്ച തൊഴില്‍ സാഹചര്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതാണ് ന്യൂസിലന്‍ഡ് പൗരന്മാരുടെ സ്വപ്‌നഭൂമിയായി ഓസ്‌ട്രേലിയ മാറാന്‍ കാരണം.

ഇതിനു മുന്‍പ് 2012-ലാണ് റെക്കോര്‍ഡ് കുടിയേറ്റം രേഖപ്പെടുത്തിയത്. അന്ന് 72,400 കുടിയേറ്റം രേഖപ്പെടുത്തിയ സ്ഥാനത്താണ് 2024 ആകുമ്പോഴേക്കും കുടിയേറ്റത്തിന്റെ എണ്ണം വീണ്ടും റെക്കോഡിലെത്തിയത്.

ഒരു വശത്ത് കുടിയേറ്റ നഷ്ടം ഉണ്ടാകുമ്പോഴും ഇന്ത്യ, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങളില്‍ നിന്ന് 154,900 പേരാണ് ന്യൂസിലന്‍ഡില്‍ സമീപകാലത്ത് എത്തിയത്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് - 48,000 പേര്‍. ഫിലിപ്പീന്‍സ് (30,300) രണ്ടാം സ്ഥാനത്തും ചൈന (25,700) മൂന്നാം സ്ഥാനത്തുമാണ്. ഫിജിയില്‍ നിന്ന് 10,400 പേരുമെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.