വയനാട്ടില്‍ ആര്?.. ചര്‍ച്ചകള്‍ മുറുകുന്നു; പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് സാധ്യതകളേറുന്നു

വയനാട്ടില്‍ ആര്?.. ചര്‍ച്ചകള്‍ മുറുകുന്നു; പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് സാധ്യതകളേറുന്നു

കൊച്ചി: വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര് മത്സരിക്കുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കവേ പ്രിയങ്ക ഗാന്ധി തന്റെ കന്നിയങ്കത്തിനായി വയനാട്ടിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ പ്രിയങ്ക ഗാന്ധി തന്നെയാകും വയനാട്ടില്‍ എത്തുകയെന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

രാഹുല്‍ ഗാന്ധി ഒഴിയുന്ന ഏതെങ്കിലും ഒരു സീറ്റില്‍ പ്രിയങ്ക എത്തിയേക്കുമെന്ന പ്രചാരണങ്ങള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. അക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരികയാണ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന പ്രചാരണങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. 2019 ലോക്സഭ തിരഞ്ഞെടുപ്പിലാണ് പ്രിയങ്ക മത്സരിക്കുന്നുവെന്ന പ്രചാരണം ശക്തമായത്. സോണിയ ഗാന്ധിയുടെ തട്ടകമായിരുന്ന റായ്ബറേലിയില്‍ നിന്ന് മത്സരിക്കാനാണ് നീക്കം എന്നായിരുന്നു വാര്‍ത്തകള്‍.

വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മാത്രം ശ്രദ്ധേ കന്ദ്രീകരിച്ച പ്രിയങ്ക അന്ന് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് വിട്ടുനിന്നു.

ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍. പിന്നാലെ പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും മത്സര രംഗത്തേക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രിയങ്ക മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അമേഠിയിലും റായ്ബറേലിയിലുമായിരുന്നു സാധ്യതകള്‍.

പക്ഷേ രാഹുല്‍ ഗാന്ധിയാണ് റായ്ബറേലിയില്‍ എത്തിയത്. അമേഠിയില്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മയും എത്തി. പ്രിയങ്ക കൂടി മത്സരിക്കുന്നത് ബിജെപിയുടെ കുടുംബാധിപത്യ പാര്‍ട്ടിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടുമെന്നും ഇത് പ്രതികൂലമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് ഉന്നത നേതൃത്വം വിലയിരുത്തിയതിന്റെ ഭാഗമായിരുന്നു അത്.

എന്നാല്‍ വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്ക വരണമെന്ന് ആവശ്യപ്പെട്ട് 2019 ന് സമാനമായി അണികള്‍ വീണ്ടും പോസ്റ്ററുകള്‍ പതിപ്പിച്ചെങ്കിലും മത്സര രംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു പ്രിയങ്ക. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം 'പ്രിയങ്കയാണ് വാരാണസിയില്‍ നിന്ന് മത്സരിച്ചിരുന്നതെങ്കില്‍ നരേന്ദ്ര മോഡി ഉറപ്പായും രണ്ടോ, മൂന്നോ ലക്ഷം വോട്ടിന് തോല്‍ക്കുമായിരുന്നു'എന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചതിന് പിന്നില്‍ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്നുവെന്ന സൂചനയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഈ തിരഞ്ഞെടുപ്പില്‍ രാഹുലിന് വേണ്ടി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയ്ക്ക് വേണ്ടി അമേഠിയിലും പ്രചാരണം ഏകോപിപ്പിച്ചത് പ്രിയങ്കയായിരുന്നു. രണ്ട് സീറ്റിലും വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത് പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു.

യുപിയില്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് സമാജ് വാദി പാര്‍ട്ടിയോട് ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിന് പിന്നിലും പ്രിയങ്കയുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചും നിര്‍ജീവമായി കിടന്ന കമ്മിറ്റികള്‍ പുനസ്ഥാപിച്ചുമാണ് പ്രിയങ്ക യു.പിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രധാന താര പ്രചാരകയും പ്രിയങ്കയായിരുന്നു.

വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാനായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയപ്പോള്‍ തങ്ങളെ വിട്ടുപോകരുതെന്ന് രാഹുലിനോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനറുകള്‍ ഉയര്‍ത്തിയിരുന്നു. മണ്ഡലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ സഹോദരി പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് അയക്കണമെന്നാണ് ബാനറുകളില്‍ അവര്‍ അഭ്യര്‍ത്ഥിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.