കുവൈറ്റ് ദുരന്തം: ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു

കുവൈറ്റ് ദുരന്തം: ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് അഞ്ച് ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നത്.

ചികില്‍സയില്‍ കഴിയുന്നവര്‍ കുടുംബവുമായി സംസാരിച്ചുവെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ദുരന്തമുണ്ടായ സാഹചര്യത്തില്‍ സഹായങ്ങളും വിവരങ്ങളുമെത്തിക്കാന്‍ എംബസി ഒരുക്കിയ ഹെല്‍പ് ലൈന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്.

അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയിലുള്ളത്. അതേസമയം കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാല് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു.

കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെയും പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്റെയും കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാരമാണ് ഇന്ന് നടക്കുന്നത്. ദുരന്തത്തില്‍ മരിച്ച 12 പേര്‍ക്കാണ് ഇന്നലെ ജന്മനാട് വിട നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.