ചൊവ്വ ഗ്രഹത്തില്‍ അതിശക്തമായ സൗരക്കൊടുങ്കാറ്റ്; ആകാശത്തെങ്ങും ധ്രുവദീപ്തി: വിശദ പഠനവുമായി ശാസ്ത്ര ലോകം

ചൊവ്വ ഗ്രഹത്തില്‍ അതിശക്തമായ സൗരക്കൊടുങ്കാറ്റ്; ആകാശത്തെങ്ങും ധ്രുവദീപ്തി: വിശദ പഠനവുമായി ശാസ്ത്ര ലോകം

ചൊവ്വ ഗ്രഹത്തില്‍ ശക്തമായ സൗരക്കൊടുങ്കാറ്റ്. മെയില്‍ സൂര്യനില്‍ നിന്ന് ആഞ്ഞടിച്ച അതിശക്തമായ സൗരക്കൊടുങ്കാറ്റാണ് ചൊവ്വയില്‍ പതിച്ചത്. വിവിധ ചൊവ്വ ദൗത്യങ്ങളുടെ സഹായത്തോടെ ഇക്കാര്യം വിശദമായി പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. സൗരക്കൊടുങ്കാറ്റിലെ ചാര്‍ജുള്ള കണങ്ങളും വികിരണങ്ങളും ചൊവ്വയെ മൂടിയതോടെ ആകാശത്ത് വലിയ ധ്രുവദീപ്തി രൂപപ്പെടുകയും ചെയ്തു.

'സോളാര്‍ മാക്സിമം' എന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ് സൂര്യന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഇതേ തുടര്‍ന്ന് അതിശക്തമായ സൗര വാതങ്ങളും കൊറോണല്‍ മാസ് ഇജക്ഷനുകളും ഉള്‍പ്പടെ കഴിഞ്ഞ ഒരു വര്‍ഷമായി സജീവമാണ് സൂര്യന്‍. വലിയൊരു സോളാര്‍ സ്പോട്ടില്‍ നിന്ന് പുറപ്പെട്ട എക്സ് ക്ലാസ് സൗരവാതം കഴിഞ്ഞ മെയില്‍ ഭൂമിയില്‍ പതിച്ചിരുന്നു.

ഇത് ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങളെ ബാധിക്കുകയും ധ്രുവദീപ്തി ദൃശ്യമാകുന്നതിനിടയാക്കുകയും ചെയ്തു. ഭൂമിയിലേക്കെത്തിയ സൗരക്കൊടുങ്കാറ്റിന് കാരണമായ സണ്‍സ്പോട്ട് പിന്നീട് ചൊവ്വയ്ക്ക് നേരെ തിരിഞ്ഞതോടെയാണ് ചൊവ്വയെ ലക്ഷ്യമാക്കി സൗരക്കൊടുങ്കാറ്റ് പ്രവഹിച്ചത്.

സൗരവാതം എങ്ങനെ ചൊവ്വയെ ബാധിക്കുന്നുവെന്ന് അറിയാന്‍ ചൊവ്വയെ ചുറ്റുന്ന ഓര്‍ബിറ്ററുകളും ചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന റോവറുകളും ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തി. ബഹിരാകാശ സഞ്ചാരികള്‍ ചൊവ്വയിലെത്തുമ്പോള്‍ ഏതെല്ലാം പ്രതിബന്ധങ്ങളെ നേരിടേണ്ടിവരുമെന്ന് പഠിക്കാന്‍ ഇതുവഴി സാധിക്കും.

സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്ന് നേര്‍ത്ത അന്തരീക്ഷം മാത്രമുള്ള ചൊവ്വയില്‍ അതിശക്തമായ എക്സ് റേയും ഗാമാ റേയും ചാര്‍ജുള്ള കണങ്ങളും എത്തിയതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

സൗരക്കൊടുങ്കാറ്റ് ചൊവ്വയില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാസയുടെ ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയിട്ടുണ്ട്. റോവറിന്റെ നാവിഗേഷന്‍ ക്യാമറയിലാണ് ഇത് പതിഞ്ഞത്. ഇതില്‍ മഞ്ഞിന് സമാനമായ വെള്ളപ്പുള്ളികള്‍ കാണുന്നുണ്ട്. ചാര്‍ജുള്ള കണങ്ങളാണവ.

സൗരക്കൊടുങ്കാറ്റിലെ ശക്തമായ ഊര്‍ജത്തെ തുടര്‍ന്ന് മാര്‍സ് ഒഡീസി ഓര്‍ബിറ്ററിലെ സ്റ്റാര്‍ ക്യാമറ നിശ്ചലമായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ക്യാമറയുടെ പ്രവര്‍ത്തനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. 2003 ലും ഒഡീസി ഓര്‍ബിറ്ററിനും ശക്തമായ സൗരക്കൊടുങ്കാറ്റിനെ നേരിടേണ്ടി വന്നിരുന്നു. അന്നുണ്ടായ എക്സ് 45 ക്ലാസ് സൗരവാതത്തില്‍ ഓര്‍ബിറ്ററിന്റെ റേഡിയേഷന്‍ ഡിറ്റക്ടര്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

ഇപ്പോഴുണ്ടായ സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്ന് 30 ചെസ്റ്റ് എക്സ്റേയ്ക്ക് തുല്യമായ വികിരണങ്ങള്‍ ചൊവ്വയില്‍ എത്തിയെന്ന് ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തി. റോവറിലെ റേഡിയേഷന്‍ അസസ്‌മെന്റ് ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് ഇത് അളന്നത്.

ഈ വികിരണങ്ങള്‍ മാരകമല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയതിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ റേഡിയേഷന്‍ ആണിത്. ഭാവിയില്‍ ചൊവ്വ സന്ദര്‍ശിക്കുന്നവര്‍ എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് പഠിക്കാന്‍ ഇതു സഹായിക്കും.

ഭൂമിയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള ധ്രുവ ദീപ്തിയാണ് സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ചൊവ്വയിലുണ്ടായത്. ഭൂമിയെ ലക്ഷ്യമിട്ടെത്തുന്ന സൗരക്കൊടുങ്കാറ്റിലെ വികിരണങ്ങളെയും ചാര്‍ജുള്ള കണങ്ങളെയും കാന്തികവലയവും അന്തരീക്ഷവും വലിയ അളവില്‍ പ്രതിരോധിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ധ്രുവപ്രദേശത്തും അതിനടുത്ത മേഖലയിലും മാത്രമാണ് ഭൂമിയില്‍ ധ്രുവദീപ്തി ഉണ്ടാവാറുള്ളത്.

എന്നാല്‍, ചൊവ്വയില്‍ അങ്ങനെയല്ല. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കാന്തിക കവചം നഷ്ടമായ ചൊവ്വയുടെ നേര്‍ത്ത അന്തരീക്ഷത്തിലേക്ക് സൗരക്കൊടുങ്കാറ്റിലെ ചാര്‍ജുള്ള കണങ്ങള്‍ നേരിട്ട് പതിക്കും. ഇതിന്റെ പ്രതി പ്രവര്‍ത്തനത്തെ തുടര്‍ന്ന് ചൊവ്വയില്‍ എല്ലായിടത്തും ആകാശത്താകമാനം വിവിധ വര്‍ണങ്ങളിലുള്ള പ്രകാശം ദൃശ്യമാവും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.