ദുബായ് വിമാനത്താവളം സന്ദർശിച്ച് സേവനങ്ങൾ വിലയിരുത്തി ഈദ് ആശംസകൾ നേർന്ന് ഉന്നത ഉദ്യോഗസ്ഥർ

ദുബായ് വിമാനത്താവളം സന്ദർശിച്ച് സേവനങ്ങൾ വിലയിരുത്തി ഈദ് ആശംസകൾ നേർന്ന് ഉന്നത ഉദ്യോഗസ്ഥർ

ദുബായ്: ബലിപെരുന്നാളിന്റെ ആദ്യ ദിനത്തിൽ യാത്രക്കാർക്ക് ലഭിക്കേണ്ട സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും ദുബായ് വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ജി ഡി ആർ എഫ് എ-ദുബായ് ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് എയർപോർട്ടിൽ സന്ദർശനം നടത്തിയത്.

ഈദ് കാലത്ത് സഞ്ചാരികൾക്ക് സന്തോഷകരമായ അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ ഒരുമിച്ച് എയർപോർട്ടിൽ പര്യടനം നടത്തിയത്. ദുബായ്‌യുടെ പ്രശസ്തി നിലനിർത്തുന്നതിനും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ നൽകുന്നതിനും വേണ്ടി ജി ഡി ആർ എഫ് എ സ്ഥിരമായി നടപടികൾ സ്വീകരിക്കാറുണ്ട്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. അവധി ദിവസത്തിലും യാത്രക്കാർക്ക് വേഗത്തിലും സുഗമമായും യാത്ര ചെയ്യാൻ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മികവിനെ പ്രത്യേകം ലഫ്റ്റനന്റ് ജനറൽ അഭിനന്ദിച്ചു. അതിനൊപ്പം അവർക്ക് ഈദ് ആശംസകളും നേർന്നു.

4 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കായി 2023 ഏപ്രിലിൽ തുടങ്ങിയ 'കിഡ്സ് പാസ്പോർട്ട് പ്ലാറ്റ്‌ഫോം', സ്മാർട്ട് ഗേറ്റുകൾ, സ്മാർട്ട് ട്രാക്ക് തുടങ്ങിയ വിമാനത്താവളത്തിലെ സൗകര്യങ്ങളും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ഈ സേവനങ്ങൾ യാത്രക്കാർക്ക് തൃപ്തി നിറഞ്ഞ സർവീസ് ലഭ്യമാക്കുകയും യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നുവെന്ന് അൽ മർറി പറഞ്ഞു.

യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര അനുഭവം നൽകാൻ ദുബായ് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘം എയർപോർട്ടിലുള്ള യാത്രക്കാരെ അഭിവാദ്യം ചെയ്യുകയും അവർക്ക് ഈദ് ആശംസ നേരുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.