കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 15 മരണം സ്ഥിരീകരിച്ചു. 60 ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം.
ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്കു തീവണ്ടി ഇടിക്കുകയായായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചരക്കു തീവണ്ടി സിഗ്‌നല്‍ മറികടന്ന് പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ന്യൂ ജല്‍പായ്ഗുഡി സ്റ്റേഷനില്‍ നിന്ന് യാത്രയാരംഭിച്ച എക്‌സ്പ്രസ് സിലിഗുരിക്ക് സമീപം രംഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി.
രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാരുടെ സംഘവും സജ്ജരാണ്.
രക്ഷാ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേ, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു. റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ ഡാര്‍ജിലിങിലേക്കുള്ള വിനോദ സഞ്ചാരികളാണ് ട്രെയിനില്‍ അധികവുമുണ്ടായിരുന്നതെന്നാണ് സൂചന. ഗുവഹാത്തി, സെല്‍ഡ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള ഹെല്‍പ്പലൈന്‍ നമ്പറുകളും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.
ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍:
ഗുവഹാത്തി റെയില്‍വേ സ്റ്റേഷന്‍-03612731621, 03612731622, 03612731623
സെല്‍ഡ റെയില്‍വേ സ്റ്റേഷന്‍-033-23508794, 033-23833326.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.