ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ആത്മഹത്യ: ആണ്‍ സുഹൃത്ത് അറസ്റ്റില്‍; പോക്സോ ചുമത്തി

 ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ആത്മഹത്യ: ആണ്‍ സുഹൃത്ത് അറസ്റ്റില്‍; പോക്സോ ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയിക്കെതിരെ (22) പോക്സോ വകുപ്പ് ചുമത്തി പൂജപ്പുര പൊലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് രണ്ട് മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ വ്യക്തമാക്കി.

തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അന്ത്യം.

അടുത്തിടെ ബിനോയിയുമായുള്ള സൗഹൃദം പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റുകള്‍ക്കും റീലുകള്‍ക്കും താഴെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ മകളുടെ മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇന്‍ഫ്ളുവന്‍സറെ സംശയിക്കുന്നതായും പെണ്‍കുട്ടിയുടെ അച്ഛന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യുന്നതിനിടെ ബിനോയ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട ബിനോയിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.