പ്യോഗ്യാങ്: കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി ഉത്തര കൊറിയയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് വന്‍ സ്വീകരണം. 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുടിന്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തും.
അതേസമയം, ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് ഉത്തരകൊറിയ സൈനിക പിന്തുണ നല്‍കുന്ന പശ്ചാത്തലത്തില്‍ പുടിന്റെ സന്ദര്‍ശനത്തെ ആശങ്കയോടെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അവസാന നിമിഷംവരെ രഹസ്യാത്മകത നിറഞ്ഞതായിരുന്നു പുടിന്റെ യാത്ര. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാങ്ങില്‍ പുടിന്‍ എപ്പോള്‍ വിമാനമിറങ്ങും എന്നതിനെക്കുറിച്ച് യാതൊരു വിവരവും മാധ്യമപ്രവര്‍ത്തകര്‍ക്കില്ലായിരുന്നു.
റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനും ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കിനുമൊപ്പമാണ് പുടിന്‍ ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാങ്ങില്‍ എത്തിയത്.
ഉത്തരകൊറിയ പുടിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. തെരുവുകളില്‍ പുടിന്റെ ചിത്രങ്ങളും റഷ്യന്‍ പതാകകളും സ്ഥാപിച്ചിരുന്നു. ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച പരവതാനിയാണ് പുടിനെ സ്വാഗതം ചെയ്ത് വിമാനത്താവളത്തില്‍ സജ്ജമാക്കിയത്. ഉത്തരകൊറിയയിലെ കെസിടിവി ചാനലില്‍ റഷ്യന്‍ മിലിട്ടറി സംഗീതപരിപാടികള്‍ സംപ്രേക്ഷണം ചെയ്തു.
പാശ്ചാത്യ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന തന്റെ രാജ്യത്തിന് ഒരു സഖ്യകക്ഷിയെ ലഭിക്കുന്ന അപൂര്‍വ അവസരമായാണ് കിം ഇതിനെ കാണുന്നത്. മറുവശത്ത്, യുദ്ധത്തിന് വേണ്ട ആയുധങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമായിട്ടാണ് റഷ്യ ഈ കൂടിക്കാഴ്ച്ചയെ കാണുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ കൈമാറ്റത്തിൽ യുഎസും ദക്ഷിണ കൊറിയയും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആയുധ കൈമാറ്റം നടന്നിട്ടില്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചത്. ഉത്തരകൊറിയയുമായി ആയുധക്കരാറില്‍ ഏര്‍പ്പെടാന്‍ യുഎന്നിന്റെ വിലക്കുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ 7000 കണ്ടെയ്നര്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. ഇതിന് പകരമായി ഭക്ഷണവും സാമ്പത്തിക സഹായവും ഉത്തര കൊറിയയ്ക്ക് ലഭിക്കുന്നുണ്ട്. മിസൈല്‍ നിര്‍മ്മാണത്തിലും ചാര സാറ്റലൈറ്റുകളുടെ നിര്‍മ്മാണത്തിലുമുള്ള സാങ്കേതിക വിദ്യാ സഹായമാണ് കിം പുടിനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
ഇതിനു മുന്‍പ് 2000-ത്തിലാണ് പുടിന്‍ അവസാനമായി ഉത്തരകൊറിയ സന്ദര്‍ശിച്ചത്. റഷ്യന്‍ പ്രസിഡന്റായി പുടിന്‍ ആദ്യമായി അധികാരത്തിലെത്തിയ വര്‍ഷമായിരുന്നു അത്. ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ റഷ്യന്‍ നേതാവായി അദ്ദേഹം മാറി.
2023 സെപ്റ്റംബറില്‍ കിം റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യയുടെ സൈനിക സാങ്കേതിക വിദ്യയും ആണവ മുങ്ങിക്കപ്പലും ലക്ഷ്യമിട്ടായിരുന്നു കിമ്മിന്റെ സന്ദര്‍ശനം. ഉക്രെയ്‌നില്‍ റഷ്യക്ക് ലഭ്യതക്കുറവുള്ള പടക്കോപ്പുകള്‍ ഉത്തര കൊറിയ പകരം നല്‍കുമെന്നും അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശനം പാശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.
ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം വിരളമായാണ് പുടിന്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകനേതാവിന് ഉത്തര കൊറിയയും ആതിഥ്യമരുളുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.