ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകള്‍ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാന്‍ അനുമതി തേടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്.
പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം യു.എസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.
സനയിലെ ജയിലിലാണ് നിമിഷ പ്രിയ ഉള്ളത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലെ അദെന്‍ നഗരത്തിലെത്തി നിമിഷ പ്രിയയെ കണ്ടിരുന്നു. സനയിലെ എയര്‍ലൈന്‍ കമ്പനി സി.ഇ.ഒ കൂടിയാണ് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗമായ തമിഴ്‌നാട് സ്വദേശി സാമുവേല്‍ ജെറോം.
ദയാധനം നല്‍കി ഇരയുടെ കുടുംബവുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ നിമിഷ പ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും. പാസ്‌പോര്‍ട്ട് തിരികെ എടുക്കാനായി 2017 ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മഹദിയെ ഉറക്ക മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.