ബാറ്റൺ റൂജ്: അമേരിക്കന്‍ സംസ്ഥാനമായ ലുസിയാനയിലെ പബ്ലിക് സ്‌കൂളുകളിലും കോളജുകളിലും ക്ലാസ് മുറികളില്‍ ബൈബിളിലെ പത്ത് കല്‍പ്പനകള്‍ പൊതുവായി പ്രദര്‍ശിപ്പിക്കമെന്ന നിയമം പ്രാബല്യത്തില്‍. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി ഒപ്പിട്ടതോടുകൂടി ഇത്തരമൊരു ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ലുസിയാന മാറി.
സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സ്‌കൂളുകളിലും കോളജുകളിലും ക്ലാസ് മുറികളില്‍ പത്ത് കല്‍പ്പനകള്‍ പോസ്റ്ററായി ചുവരില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം. 11 മുതല്‍ 14 ഇഞ്ച് വലിപ്പമുള്ള പോസ്റ്ററിലാണ് പത്ത് കല്‍പ്പനകള്‍ അച്ചടിക്കണ്ടത്. ഇത് എല്ലാ ക്ലാസ് മുറികളിലും എവിടെ നിന്നും എളുപ്പം വായിക്കാവുന്ന വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. എലിമെന്ററി, സെക്കന്‍ഡറി, പോസ്റ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും നിയമം ബാധകമാണ്.
ലുസിയാനയിലെ എല്ലാ നിയമങ്ങളുടെയും അടിസ്ഥാനം പത്തു കല്‍പ്പനകളാണെന്ന് ഡോഡി ഹോര്‍ട്ടണ്‍ സഭയ്ക്ക് മുമ്പാകെ വ്യക്തമാക്കിയിരുന്നു. 'ക്ലാസ് മുറികളില്‍ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആദ്യത്തെ സംസ്ഥാനം ലുസിയാന
യാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു' - അവര്‍ പറഞ്ഞു. 'ഞാന്‍ കിന്റര്‍ഗാര്‍ട്ടനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പത്ത് കല്‍പനകള്‍ എല്ലായ്‌പ്പോഴും ചുവരില്‍ ഉണ്ടായിരുന്നു. ദൈവമുണ്ടെന്ന് താന്‍ തിരിച്ചറിയുന്നു, അവിടുത്തെ നിയമങ്ങളെ ബഹുമാനിക്കാന്‍ എനിക്കറിയാം' - ഡോഡി ഹോര്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതിപക്ഷം നിയമത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നിരുന്നാലും പത്ത് കൽപ്പനകൾ യഥാർത്ഥത്തിൽ രാജ്യത്തിൻ്റെ 'പൈതൃകം' ആണെന്നും അതിൻ്റെ സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് സംസാരിക്കുന്നുവെന്നും റിപ്പബ്ലിക്കൻമാർ അവകാശപ്പെട്ടു.
ടെക്‌സസ്, ഒക്‌ലഹോമ, യൂട്ട എന്നിവയുൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള മറ്റ് സംസ്ഥാനങ്ങളും സമാനമായ നിയമങ്ങൾ അടുത്തിടെ നിർദേശിച്ചിട്ടുണ്ട്. സ്‌കൂളുകൾ, കോടതികൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ പൊതു കെട്ടിടങ്ങളിൽ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിയമ പോരാട്ടങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.