കിം ജോങ് ഉന്നിന് റഷ്യന്‍ നിര്‍മ്മിത ലിമോസിന്‍ കാറും വാളും സമ്മാനിച്ച് പുടിന്‍

കിം ജോങ് ഉന്നിന് റഷ്യന്‍ നിര്‍മ്മിത ലിമോസിന്‍ കാറും വാളും സമ്മാനിച്ച് പുടിന്‍

മോസ്‌കോ: ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനിടെ കിം ജോങ് ഉന്നിന് അത്യാഢംബര വാഹനം സമ്മാനിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യന്‍ നിര്‍മ്മിത ഓറസ് ലിമോസിനാണ് കിമ്മിന് സമ്മാനിച്ചത്. ഇതുകൂടാതെ ടീ സെറ്റ്, വാള്‍ എന്നിവയും കിമ്മിന് പുടിന്‍ സമ്മാനിച്ചിട്ടുണ്ട്. റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് ആണ് അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സോവിയറ്റ് കാലത്തെ ഓര്‍മ്മിപ്പിക്കുന്ന റെട്രോ സ്‌റ്റൈല്‍ ലിമോസിനാണ് കിമ്മിന് സമ്മാനിച്ച ഓറസ് സെനറ്റ്. പുടിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലൊന്നാണ് ഈ ഓറസ് സെനറ്റ്. കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യ സന്ദര്‍ശിച്ച കിമ്മിന് പുടിന്‍ ഈ വാഹനം കാണിച്ച് നല്‍കുന്നതും അദ്ദേഹം ഇത് ആസ്വദിക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അന്ന് ഈ കാറിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. ഇതിന് പിന്നാലെ ഒരു ലിമോസിന്‍ കാര്‍ പുടിന്‍ കിം ജോങ് ഉന്നിന് സമ്മാനിച്ചിരുന്നു.

കിം വാഹനപ്രേമിയാണെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. ആഢംബര വിദേശ വാഹനങ്ങളുടെ വലിയ ശേഖരം കിമ്മിനുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോര്‍ത്ത് കൊറിയയിലേക്ക് ആഢംബര വാഹനങ്ങള്‍ കയറ്റിയയയ്ക്കുന്നതിന് അമേരിക്കയില്‍ വിലക്കുള്ള സാഹചര്യത്തില്‍ ഈ വാഹനങ്ങള്‍ കൊറിയയില്‍ എത്തിച്ചതെല്ലാം അനധികൃതമായാണ്. മെയ്ബാക്ക് ലിമോസിന്‍, മെഴ്‌സിഡസിന്റെ വിവിധ മോഡലുകള്‍, റോള്‍സ് റോയ്‌സ് ഫാന്റം, ലെക്‌സസ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്നിങ്ങനെ കിമ്മിന്റെ കൈയില്‍ വാഹനങ്ങളേറെയാണ്.

ഉത്തരകൊറിയയിലെ പ്യോങ്യാങ് സന്ദര്‍ശിച്ച പുടിന് കൊറിയന്‍ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന വിവിധ കലാസൃഷ്ടികള്‍ സമ്മാനമായി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് പുടിനെ ഉത്തരകൊറിയ സ്വീകരിച്ചത്. ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്ക് ഉത്തരകൊറിയ പൂര്‍ണ പിന്തുണ അറിയിച്ചു.

ഈ വര്‍ഷം സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പഴയ ടൊയോട്ട ഫാക്ടറിയില്‍ റഷ്യ ഓറസ് ആഢംബര കാറുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം 40 ഓറസ് ബ്രാന്റ് കാറുകള്‍ റഷ്യയില്‍ വിറ്റുപോയെന്നാണ് റഷ്യന്‍ അനലിറ്റിക്കല്‍ ഏജന്‍സി ഓട്ടോസ്റ്റാറ്റ് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.