ഓസ്ട്രേലിയയിലെ ക്യാമ്പസുകളില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ വിവേചനവും പരിഹാസവും നേരിടുന്നു; മാര്‍പാപ്പയ്ക്കു മുന്നില്‍ സങ്കടം പങ്കുവച്ച് വിദ്യാര്‍ത്ഥികള്‍

ഓസ്ട്രേലിയയിലെ ക്യാമ്പസുകളില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ വിവേചനവും പരിഹാസവും നേരിടുന്നു; മാര്‍പാപ്പയ്ക്കു മുന്നില്‍ സങ്കടം പങ്കുവച്ച് വിദ്യാര്‍ത്ഥികള്‍

വത്തിക്കാന്‍ സിറ്റി: ഓസ്ട്രേലിയയിലെ കത്തോലിക്കാ സ്‌കൂളുകളില്‍ പോലും അധ്യാപകര്‍ ലിംഗ സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുന്നതായും വിശ്വാസത്തിന്റെ പേരില്‍ പരിഹാസ്യരാകുന്നു എന്നും ആശങ്കകള്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു മുന്നില്‍ പങ്കുവച്ച് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ദിവസം മാര്‍പാപ്പയുമായി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ തത്സമയ വീഡിയോ കോളിലാണ് കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട് തങ്ങള്‍ നേരിടുന്ന വിവേചനവും വെല്ലുവിളികളും പങ്കുവച്ചത്.

ചിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റിയുടെയും ലാറ്റിനമേരിക്കയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിച്ച തത്സമയ ചോദ്യോത്തര വേളയില്‍ മാര്‍പാപ്പയുമായി സംവദിക്കാനുള്ള അസുലഭമായ അവസരം വിദ്യാര്‍ത്ഥികള്‍ വിനിയോഗപ്പെടുത്തി. ഏഷ്യ-പസഫിക് മേഖലയിലെ വിദ്യാര്‍ത്ഥികളുമായാണ് മാര്‍പാപ്പ നേരിട്ട് സംസാരിച്ചത്. തങ്ങള്‍ നേരിടുന്ന സങ്കടങ്ങള്‍ വളരെ വ്യക്തതയോടെ മാര്‍പാപ്പയ്ക്കു മുന്നില്‍ അവര്‍ അവതരിപ്പിച്ചു.

ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഇന്തോനേഷ്യ, തായ് വാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള 12 വിദ്യാര്‍ത്ഥികള്‍ വീഡിയോ കോളില്‍ ഫ്രാന്‍സിസ് പാപ്പയുമായി സംസാരിച്ചു.

ക്യാമ്പസുകളില്‍ കത്തോലിക്ക വിശ്വാസത്തിന്റെ പേരില്‍ തങ്ങള്‍ പരിഹസിക്കപ്പെടുന്നതായുള്ള ദുഖം സിഡ്നിയില്‍ നിന്നുള്ള നിയമ-ബിസിനസ് വിദ്യാര്‍ത്ഥിനി എലിസബത്ത് ഫെര്‍ണാണ്ടസാണ് പങ്കുവച്ചു. ആധുനിക കാലത്തെ പ്രത്യയശാസ്ത്രങ്ങളാല്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നു. പ്രത്യാശയുടെ ദീപസ്തംഭങ്ങളാകാനുള്ള ഞങ്ങളുടെ ദൗത്യത്തില്‍ അസംഖ്യം വെല്ലുവിളികള്‍ നേരിടുന്നതായും എലിസബത്ത് പറഞ്ഞു.

'കുട്ടികള്‍ക്ക് ആഴം കുറഞ്ഞ വിശ്വാസ രൂപീകരണമാണ് ലഭിക്കുന്നത്. കത്തോലിക്കാ സ്‌കൂളുകളില്‍ പോലും ചില അധ്യാപകര്‍, ഗര്‍ഭച്ഛിദ്രം, ഗര്‍ഭനിരോധനം, ലിംഗ സിദ്ധാന്തം എന്നീ വിഷയങ്ങളിലുള്ള സ്വന്തം അജണ്ടകളും നിലപാടുകളും പ്രസംഗിക്കാന്‍ ക്ലാസ് സമയം വിനിയോഗിക്കുന്നു' - എലിസബത്ത് പറഞ്ഞു.

'എല്ലാ മതാധ്യാപകരും മികച്ച പരിശീലനം സിദ്ധിച്ച മതബോധനവാദികളായിരിക്കണമെന്നും യുവാക്കളെ സ്വയം മതബോധനവാദികളാകാന്‍ പ്രേരിപ്പിക്കണമെന്നുമാണ് തനിക്ക് നിര്‍ദേശിക്കാനുള്ളത്. യുവാക്കള്‍ വിശുദ്ധ കുമ്പസാരത്തിലേക്ക് കൂടുതലായി നയിക്കപ്പെടണം. ക്രിസ്തുവിനെ സ്‌കൂളുകളിലെ പാഠ്യപദ്ധതികളുമായി സമന്വയിപ്പിക്കണമെന്നും അതുവഴി ദിവ്യബലിയോടുള്ള ഭക്തിയുടെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു'.

ഒമ്പത് കുട്ടികളുടെ അമ്മയും അടുത്തിടെ ബ്രെയിന്‍ കാന്‍സര്‍ ബാധിതയുമായ അമ്മ ഡോണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥിനി മാര്‍പാപ്പയോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

ഓരോ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും തങ്ങളുടെ സങ്കടങ്ങളും ആശങ്കകളും പങ്കുവയ്ക്കുമ്പോള്‍ ഫ്രാന്‍സിസ് പാപ്പ ഒരു കടലാസില്‍ അതു ശ്രദ്ധാപൂര്‍വ്വം കുറിച്ചെടുത്തു.

ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ആദിമകാലംമുതല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് എലിസബത്തിന്റെ ആശങ്കയ്ക്ക് മറുപടിയായി മാര്‍പാപ്പ പറഞ്ഞു. രക്തസാക്ഷിത്വം ക്രിസ്തുമതത്തിന്റെ ഭാഗമാണ്. പീഡിപ്പിക്കുമെന്ന ഭയത്താല്‍ 'തണുത്ത വിശ്വാസത്തില്‍' (ലൂക്‌വാം ക്രിസ്ത്യാനിറ്റി) ജീവിക്കാന്‍ പ്രലോഭിതരായാലും തങ്ങളുടെ സ്വത്വത്തോടു സത്യസന്ധത പുലര്‍ത്തി, ക്രൈസ്തവ രക്തസാക്ഷികളെപ്പോലെ ശക്തരായിരിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു.

വിവേചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സാമീപ്യവും കരുതലും കൊണ്ട് പരിഹരിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

സ്ത്രീകളോടുള്ള വിവേചനത്തെക്കുറിച്ചും മാര്‍പാപ്പ പ്രതികരിച്ചു. സ്ത്രീകള്‍ ലോകമെമ്പാടും രണ്ടാം വിഭാഗത്തിലുള്ളവരായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ സ്ത്രീകള്‍ ഏറ്റവും മികച്ച നേതാക്കളാണെന്ന് നമുക്ക് കാണാം. സമൂഹത്തെ സൃഷ്ടിക്കാനുള്ള കഴിവില്‍ പുരുഷന്മാരേക്കാള്‍ അവര്‍ മികച്ചുനില്‍ക്കുന്നു. മാതൃത്വത്തിനുള്ള ശേഷി സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ വലിയ സ്ഥാനം നല്‍കുന്നതായും മാര്‍പാപ്പ പറഞ്ഞു. വിവേചനം ഒരിക്കലും പാടില്ലെന്നും ഊഷ്മളമായ സാമീപ്യവും അടുപ്പവുമാണ് നമ്മെ സ്‌നേഹത്തിലേക്ക് നയിക്കുന്നതെന്നും പാപ്പ ഓര്‍മിപ്പിച്ചു.

യുവജനങ്ങള്‍ തങ്ങളുടെ വിശ്വാസത്തെ നന്നായി തിരിച്ചറിയണം. സത്യസന്ധരായ ക്രിസ്ത്യാനികളായി മാറാന്‍ നല്ല വിശ്വാസ രൂപീകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചോദ്യത്തെ നേരിട്ടത്.

സ്വന്തമായ ഒരു സ്വത്വത്തിനു വേണ്ടി പരിശ്രമിക്കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത പാപ്പാ പരസ്പരം സഹകരിച്ച് ഐക്യത്തോടെ മുന്നേറാനും ആവശ്യപ്പെട്ടു

സെപ്റ്റംബര്‍ രണ്ട് മുതല്‍ 13 വരെ ഏഷ്യാ പസഫിക് മേഖലയില്‍ സന്ദര്‍ശനം നടത്തുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.