മലയാളികള്‍ക്ക് അഭിമാനം; അയര്‍ലന്‍ഡിലെ ആദ്യ ഇന്ത്യന്‍ മേയറായി അങ്കമാലി സ്വദേശി ബേബി പെരേപ്പാടന്‍

മലയാളികള്‍ക്ക് അഭിമാനം; അയര്‍ലന്‍ഡിലെ ആദ്യ ഇന്ത്യന്‍ മേയറായി അങ്കമാലി സ്വദേശി ബേബി പെരേപ്പാടന്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി ചരിത്രം കുറിച്ച് അങ്കമാലി സ്വദേശി ബേബി പെരേപ്പാടന്‍. അയര്‍ലന്‍ഡില്‍ ഇതാദ്യമാണ് ഒരു മലയാളി മേയര്‍ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗമാണ് ബേബി പെരേപ്പാടനെ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അയര്‍ലന്‍ഡിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനകരമായ നേട്ടമാണിത്. മുന്‍ മേയര്‍ അലന്‍ എഡ്ജില്‍ നിന്നും അദ്ദേഹം മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചു.

ജൂണ്‍ ആദ്യവാരം നടന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഫിന്‍ഗേല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി താല സൗത്തില്‍ നിന്നുമാണ് ബേബി പെരേപ്പാടന്‍ രണ്ടാംവട്ടവും വിജയിച്ചത്.

ഇത്തവണത്തെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും താല സെന്‍ട്രലില്‍ നിന്നും വിജയിച്ചിരുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനില്‍ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്.

അയര്‍ലന്‍ഡിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ബേബി പെരേപ്പാടന്‍, മലയാളം ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളുടെ സ്ഥാപകരില്‍ ഒരാളും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. അങ്കമാലി പുളിയനം സ്വദേശിയാണ്.

ഭാര്യ ജിന്‍സി ഡബ്ലിന്‍ ന്യൂകാസില്‍ പീമൗണ്ട് ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്റ്റീഷണറാണ്. മകന്‍ ബ്രിട്ടോയെ കൂടാതെ ഡെന്റല്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ബ്രോണ എന്നൊരു മകള്‍ കൂടിയുണ്ട് പെരേപ്പാടന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.